ഇന്ന് ഞങ്ങളുടെ ആനിവേഴ്‌സറി; സീതാ രാമം ബി.ടി.എസ് വീഡിയോ പുറത്തുവിട്ട് മൃണാള്‍
Film News
ഇന്ന് ഞങ്ങളുടെ ആനിവേഴ്‌സറി; സീതാ രാമം ബി.ടി.എസ് വീഡിയോ പുറത്തുവിട്ട് മൃണാള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th August 2023, 4:46 pm

ദുല്‍ഖര്‍ സല്‍മാന്‍- മൃണാള്‍ താക്കൂര്‍ കൂട്ടുകെട്ടിലൊരുങ്ങിയ സീതാരാമം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഹനു രാഘവപ്പുടിയുടെ സംവിധാനത്തിലൊരുങ്ങിയ ഇമോഷണല്‍ ലവ് സ്‌റ്റോറി രാജ്യത്തെമ്പാടും വലിയ തംരഗമാണ് സൃഷ്ടിച്ചത്. സാധാരണ സൈനികനെ പ്രണയിച്ച രാജകുമാരിയുടെ കഥ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മൃണാല്‍ താക്കൂര്‍. ഷൂട്ടിനിടയിലുള്ള രസകരമായ രംഗങ്ങളാണ് വീഡിയോയിലുള്ളത്. ചിത്രം ആദ്യദിനം തിയേറ്ററില്‍ കണ്ടതിന് ശേഷം ഹനു രാഘവപ്പുടിയെ കെട്ടിപിടിച്ച് കരയുന്ന മൃണാളിനേയും ദുല്‍ഖറിനേയും വീഡിയോയില്‍ കാണാം.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാ രാമം അവതരിപ്പിച്ചത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനിടക്കുള്ള ദുല്‍ഖറിന്റേയും മൃണാളിന്റേയും സൗഹൃദവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ശേഷവും തങ്ങള്‍ക്കിടയിലെ സൗഹൃദം ഇരുവരും സജീവമായി തുടരുകയാണ്.

മേഡ് ഇന്‍ ഹെവന്‍, നാനി നായികനാവുന്ന തെലുങ്ക് ചിത്രം ഹായ് നണ്ണ എന്നിവയാണ് മൃണാളിന്റെ പുതിയ പ്രൊജക്ടുകള്‍. കിങ് ഓഫ് കൊത്ത, നെറ്റ്ഫ്‌ളിക്‌സ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ പ്രൊജക്ടുകള്‍.

വെങ്കി അറ്റ്ലൂരിക്കൊപ്പം ഒന്നിക്കുന്ന ലക്കി ഭാസ്‌കര്‍, റാണാ ദഗ്ഗുബാട്ടി നിര്‍മിക്കുന്ന കാന്താ എന്നീ ചിത്രങ്ങളുടെ ടൈറ്റില്‍ ലുക്കും ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു.

Content Highlight: mrunal thakur shares the bts video of sita ramam on the first anniversary of release