ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം എട്ട് മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ
national news
ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം എട്ട് മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2025, 9:45 pm

ഭോപ്പാൽ: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം എട്ട് മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ച മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. ഉജ്ജയ്‌നി നിവാസിയായ സഞ്ജയ് പതിദാർ ആണ് തന്റെ ലിവ്- ഇൻ പങ്കാളിയായ പിങ്കി പ്രജാപതിയെ കൊലപ്പെടുത്തിയത്. പിങ്കി തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നാട് പതിദാറിന്റെ വാദം.

30 വയസുകാരിയായ പിങ്കി അഞ്ച് വർഷമായി പതിദാരുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. വിവാഹത്തെ ചൊല്ലി പിങ്കിയും പാട്ടിദാറും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. വൃന്ദാവൻ ധാം കോളനിയിലെ പതിദാർ വാടകയ്‌ക്കെടുത്ത ഒരു വീട്ടിൽ ഫ്രിഡ്ജിൽ അടച്ച നിലയിൽ ജനുവരി 10 വെള്ളിയാഴ്ചയാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

സാരിയും ആഭരണങ്ങളും ധരിച്ച് കൈകൾ നൈലോൺ കയർ കൊണ്ട് ബന്ധിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ശരീരം ഒരു ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഏറ്റവും തണുപ്പുള്ള താപനിലയിൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.

പതിദാർ വീട് ഒഴിഞ്ഞെങ്കിലും തൻ്റെ സാധനങ്ങൾ അടച്ചിട്ട രണ്ട് മുറികളിലായി ഉപേക്ഷിച്ചതോടെയാണ് കുറ്റകൃത്യം പുറത്തറിയുന്നത്. ഈ ഭാഗം പിന്നീട് ഒഴിയാമെന്ന് വീട്ടുടമ ശ്രീവാസ്തവയോട് പതിദാർ പറഞ്ഞു.

വീട്ടിലെ നിലവിലെ വാടകക്കാരനായ ബൽവീർ രാജ്പുത് ഉയർന്ന വൈദ്യുതി നിരക്ക് നിരീക്ഷിക്കുകയും റഫ്രിജറേറ്റർ ഓഫ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. വെള്ളിയാഴ്ച പുലർച്ചയോടെ, മുറിയിൽ നിന്ന് ഒരു ദുർഗന്ധം വമിച്ചത്തോടെയാണ് മൃതദേഹം കാണ്ടെത്തിയത്.

ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ബൽവീർ രാജ്പുത് വീട്ടുടമസ്ഥനെ വിളിച്ചു. റഫ്രിജറേറ്ററിൽ ഇരുവരും മൃതദേഹം കണ്ടെത്തി. തുടർന്ന് അവർ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കകം പതിദാർ അറസ്റ്റിലായി. വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്ത് വിനോദ് ദവെയുടെ സഹായത്തോടെ പിങ്കിയെ കുത്തിക്കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചു.

 

Content Highlight: MP: Man kills live-in partner, keeps body in fridge for 8 months