അല്‍ ഫലാഹ് ചെയര്‍പേഴ്‌സണിന്റെ വീട് പൊളിക്കാനുള്ള നീക്കം തടഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി
Red Fort Blast
അല്‍ ഫലാഹ് ചെയര്‍പേഴ്‌സണിന്റെ വീട് പൊളിക്കാനുള്ള നീക്കം തടഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2025, 10:43 pm

ഭോപ്പാല്‍: അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ മൗവിലെ വീട് പൊളിക്കാനുള്ള നടപടി സ്റ്റേ ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. 15 ദിവസത്തേക്കാണ് നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്.

നവംബര്‍ പത്തിലെ ദല്‍ഹി ചെങ്കോട്ട സ്ഫോടനത്തില്‍ ജാവേദിനെതിരെ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ മൗവിലെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്നായിരുന്നു ഉത്തരവ്.

മൗ കന്റോണ്‍മെന്റ് ബോര്‍ഡാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. എന്നാല്‍ വീടിന്റെ നിലവിലെ ഉടമയായ അബ്ദുള്‍ മജീദ് ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

‘അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി 1996-97 കാലഘട്ടത്തില്‍ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകളില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധികാരികള്‍ നടപടിയെടുക്കുന്നതെങ്കില്‍ ഹരജിക്കാരന് വാദം ഉന്നയിക്കാനുള്ള അവസരം നല്‍കണം,’ ജസ്റ്റിസ് പ്രണയ് വര്‍മ വ്യക്തമാക്കി.

ഹരജിക്കാരന്റെ ഉടമസ്ഥതയിലുള്ള വീട് ജാവേദ് സിദ്ദിഖിയുടെ പിതാവ് ഹമ്മദ് അഹമ്മദിന്റേതായിരുന്നു. പിന്നീട് ഇത് ജാവേദിന് ലഭിച്ചു. ശേഷം ഈ വീട് മജീദിന് സമ്മാനമായി നല്‍കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ ജാവേദ് അറസ്റ്റിലായിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി( എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യാണ് ജാവേദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ള മൂന്നാമത്തെ കാര്‍ കണ്ടെത്തിയത് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്നായിരുന്നു. ബ്രസ മാരുതി കാര്‍ സര്‍വകലാശാലയില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ എന്‍.ഐ.എയാണ് കണ്ടെത്തിയത്.

സ്ഫോടനത്തിന് ശേഷം അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേലുള്ള നിരീക്ഷണം എന്‍.ഐ.എ ശക്തമാക്കിയിരുന്നു. മാത്രമല്ല, സ്‌ഫോടന കേസിലെ പ്രതികളായ ഡോക്ടര്‍മാര്‍ അല്‍ ഫലാഹ് സര്‍വകലാശാലയുമായി പ്രവര്‍ത്തിച്ചിരുന്നവരാണ്.

ജാവേദ് ചെയര്‍പേഴ്‌സണായിരിക്കുന്ന അല്‍ ഫലാഹ് ഗ്രൂപ്പിന്റെ കീഴിലാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം. എന്നാല്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ തള്ളിപ്പറഞ്ഞ് സര്‍വകലാശാല രംഗത്തെത്തിയിരുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഭൂപീന്ദര്‍ കൗര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: MP HC halts demolition of Mhow building linked to Al-Falah group chairperson