ദസറ ആഘോഷത്തില്‍ ഹണിമൂണ്‍ കൊലപാതക കേസ് പ്രതിയുടെ കോലം കത്തിക്കരുത്; വിലക്കി മധ്യപ്രദേശ് ഹൈക്കോടതി
India
ദസറ ആഘോഷത്തില്‍ ഹണിമൂണ്‍ കൊലപാതക കേസ് പ്രതിയുടെ കോലം കത്തിക്കരുത്; വിലക്കി മധ്യപ്രദേശ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th September 2025, 9:24 pm

ഇന്‍ഡോര്‍: ഏറെ ചര്‍ച്ചയായ മധ്യപ്രദേശിലെ ‘ഹണിമൂണ്‍ കൊലപാതക കേസ്’ പ്രതിയുടെ കോലം ദസറ ആഘോഷത്തിനിടെ കത്തിക്കാനുള്ള നീക്കം തടഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി.

ഹണിമൂണ്‍ കൊലപാതക കേസ് എന്നറിയപ്പെടുന്ന രാജ രഘുവംശി കൊലപാതക കേസിലെ പ്രതിയായ സോനം രഘുവംശിയുടെ കോലം കത്തിക്കാനാണ് ഇന്‍ഡോര്‍ ആസ്ഥാനമായ സാമൂഹിക സംഘടന ‘പൗരുഷ്’ (paurush- People Against Unequal Rules Used to Shelter Harassment)തീരുമാനിച്ചിരുന്നത്.

‘ശൂര്‍പ്പണഖ ദഹന്‍’ എന്ന പേരില്‍ 11 തലകളുള്ള പ്രതിമ തയ്യാറാക്കി ദസറയ്ക്കിടെ കത്തിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. സോനം രഘുവംശിയെ പോലെയുള്ള ഭര്‍ത്താക്കന്മാരെയോ കുട്ടികളെയോ ബന്ധുക്കളെയോ ക്രൂരമായി കൊലപ്പെടുത്തിയ സ്ത്രീകളായ കുറ്റവാളികളുടെ ചിത്രങ്ങള്‍ പ്രതിമയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ടായിരുന്നു.

അതേസമയം, ഇന്ത്യയെ പോലുള്ളൊരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു പ്രവൃത്തി അനുവദനീയമല്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സംഘടനയെ പരിപാടിയില്‍ നിന്നും വിലക്കിയത്. ഭരണഘടനയുടെ 14, 21 ആര്‍ട്ടിക്കിളുകള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാന്‍ പ്രതികളെ അനുവദിക്കില്ലെന്നും ജസ്റ്റിസ് പ്രണോയ് വര്‍മ്മയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

കോലം കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍, പൊലീസ് കമ്മീഷണര്‍, എസ്.എച്ച്.ഒ എന്നിവരോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സോനത്തിന്റെ അമ്മ സംഗീത രഘുവംശി നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സോനത്തിന്റെ കോലം കത്തിക്കുന്നത് കുടുംബത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും സോനത്തിന്റെ അമ്മ കോടതിയില്‍ വാദിച്ചു. സോനം ക്രിമിനല്‍ കേസിലെ പ്രതിയാണെങ്കിലും ഒരു സാമൂഹ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തെ അപമാനിക്കുന്നതും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.

അതേസമയം, പുരാണകഥാപാത്രങ്ങളുമായി സാമ്യമുള്ള നീചത്വവും അധാര്‍മ്മികതയും ഉള്‍പ്പടെയുള്ള നെഗറ്റീവ് ഗുണങ്ങളുടെ പ്രതീകാത്മകമായ നാശമാണ് ഈ പ്രതിമ കത്തിക്കലിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് ‘പൗരുഷ്’ കണ്‍വീനര്‍ അശോക് ദാഷോര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2025 മേയ് 23നാണ് രാജ്യമൊട്ടാകെ ചര്‍ച്ചയായ ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘുവംശിയുടെ കൊലപാതകം നടന്നത്. മേഘാലയയിലെ ഖാസി ഹില്‍സ് ജില്ലയിലെ ചിറാപുഞ്ചിയിലേക്ക് ഭാര്യയായ സോനം രഘുവംശിയുമായി ഹണിമൂണ്‍ യാത്രക്കായി പോയ രാജ രഘുവംശി(29)യെന്ന യുവാവിനെ മെയ് 23ന് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ സമീപത്തെ ഒരു വെള്ളച്ചാട്ടത്തില്‍ നിന്നും വികൃതമാക്കിയ നിലയില്‍ രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

സോനവും ആണ്‍സുഹൃത്ത് രാജ് കുശ്‌വാഹയും

ആത്മഹത്യയാണെന്ന് സംശയിച്ചിരുന്നെങ്കിലും കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായതോടെ മധ്യപ്രദേശ് പൊലീസിലെ പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നാണ് അന്വേഷണത്തില്‍ സോനം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

കേസില്‍ സോനവും ആണ്‍സുഹൃത്ത് രാജ് കുശ്‌വാഹയും മൂന്ന് വാടക കൊലയാളികളും അറസ്റ്റിലായി. ഹണിമൂണ്‍ യാത്രയ്ക്കിടെ രാജ രഘുവംശിയെ കൊലപ്പെടുത്തിയത് സോനവും രാജ് കുശ് വാഹയും ഏര്‍പ്പാടാക്കിയ വാടക കൊലയാളികളായിരുന്നു. സംഭവത്തില്‍ 790 പേജുള്ള കേസ് ഫയലാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഗൂഢാലോചന കുറ്റമാണ് 25കാരിയായ സോനത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlight: Madhya Pradesh High Court bans burning of effigy of honeymoon murder accused during Dussehra celebrations