ഭോപ്പാൽ: ലൈംഗികാതിക്രമത്തിനിരയായ സ്ത്രീക്ക് കോടതി നോട്ടീസ് കൃത്യ സമയത്ത് നൽകാതെ വൈകിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് ആയിരം മരം നടാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനോടാണ് രണ്ട് മാസത്തിനുള്ളിൽ കുറഞ്ഞത് 1,000 മരങ്ങൾ നടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ജസ്റ്റിസുമാരായ വിവേക് അഗർവാൾ, എ. കെ. സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സത്‌നയിലെ സിറ്റി കോട്‌വാലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) രവേന്ദ്ര ദ്വിവേദിയാണ് മരം നടേണ്ടത്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 31 നും ഇടയിൽ കുറഞ്ഞത് 1,000 മരങ്ങളെങ്കിലും നടാൻ കോടതി ഉത്തരവിട്ടു.
മരങ്ങൾ നടുന്നതിനുള്ള ചെലവുകൾ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ വഹിക്കണമെന്നും ഒരു വർഷത്തേക്ക് അവ പരിപാലിക്കണമെന്നും കോടതി നിർദേശിച്ചു. ജി.പി.എസ് ലൊക്കേഷൻ സഹിതം ചിത്രങ്ങൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ രജിസ്ട്രിയിലേക്ക് ഉദ്യോഗസ്ഥൻ അയക്കുകയും വേണം.
കോടതിയിൽ ഹാജരായ എസ്.എച്ച്.ഒ , ജഡ്ജിമാരോട് ക്ഷമാപണം നടത്തുകയും പശ്ചാത്താപ സൂചകമായി ഫലവൃക്ഷങ്ങൾ നടാൻ തയ്യാറാണെന്ന് പറയുകയും ചെയ്തു. കൂടാതെ ചുമത്തിയ 5,000 രൂപ പിഴയും അടയ്ക്കുകയും ചെയ്തു.
ബലാത്സംഗക്കുറ്റത്തിന് 2021 ഒക്ടോബർ 10ന് സത്‌നയിലെ സെഷൻസ് കോടതി രാം അവതാർ ചൗധരിയെന്ന വ്യക്തിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെ ചൗധരി പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിൽ റിവിഷൻ ഹരജി സമർപ്പിച്ചു. 2024 സെപ്റ്റംബർ 30ന് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് ഹൈക്കോടതി നോട്ടീസ് നൽകി. പെൺകുട്ടിക്ക് നോട്ടീസ് നൽകാൻ സത്‌നയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനോട് കോടതി നിർദേശിച്ചു. എന്നാൽ ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് നോട്ടീസ് നൽകിയില്ല. തുടർന്നാണ് കോടതിയുടെ നടപടി.
Content Highlight: MP HC asks police officer to plant 1,000 saplings for delay in serving notice to rape victim