കാലങ്ങളായി പിന്തുടരുന്ന മാസ് മസാല ആക്ഷന്‍ ചിത്രങ്ങളുടെ പാറ്റേണില്‍ നിന്നും ഇപ്പോഴും മോചനം ലഭിക്കാത്ത ഫിലിം ഇന്‍സ്ട്രികളാണ് ഇന്ത്യയില്‍ ഭൂരിഭാഗവും. പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും റിലീസ് ചെയ്യുന്ന ഭൂരിഭാഗം ചിത്രങ്ങളും ഒരേ ശൈലിയില്‍ തന്നെ കഥ പറയുന്നവയാണ്. കൊടും ക്രൂരത കാണിക്കുന്ന വില്ലനും, വില്ലനില്‍ നിന്നും നാടിനെ രക്ഷിക്കാനായി വരുന്ന നായകനും നൃത്തം ചെയ്യാന്‍ ഒരു നായികയും എന്ന സ്ഥിരം ടെംപ്ലേറ്റ് ചിത്രങ്ങള്‍ക്ക് എന്നാല്‍ കേരളത്തിലെ തിയേറ്ററുകളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാറില്ല.
വില്ലനെന്ന ആശയത്തെ മാറ്റി പരീക്ഷിച്ച പല ചിത്രങ്ങളും ഇതിനോടകം തന്നെ കേരളത്തിലെ തിയേറ്ററുകൡ വിജയം കണ്ടിരുന്നു. വില്ലനാരാണെന്നോ നായകനാരാണെന്നോ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ആവേശത്തോടെ കണ്ടിരിക്കാവുന്ന ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടനവധിയാണ് മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയത്. മെയില്‍ ഈഗോ ഴോണര്‍ എന്നാണ് പലരും ഈ ചിത്രങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്നത്.
കൂട്ടത്തില്‍ സച്ചി സംവിധാനം ചെയ്ത 2020ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമാണ് പലരുടെയും പേഴ്‌സണല്‍ ഫേവറിറ്റ്. ബിജു മോനോനും പൃഥ്വിരാജും നിറഞ്ഞാടിയ ചിത്രം വില്ലനാരാണെന്നോ നായകനാരാണെന്നോ നിര്‍ണയിക്കാന്‍ പറ്റാത്തതാണ്. റിട്ടയര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ്.ഐ അയ്യപ്പന്‍ നായരും തമ്മിലുള്ള വാശിയുടെ കഥ പറഞ്ഞ ചിത്രം ഓരോ തവണ കാണുമ്പോഴും ആരുടെ പക്ഷത്താണ് നില്‍ക്കേണ്ടതെന്ന് പ്രേക്ഷകരില്‍ സംശയം ജനിപ്പിക്കുന്നുണ്ട്.
ടൊവിനോയുടെ കളയാണ് കൂട്ടത്തില്‍ മറ്റൊരു ചിത്രം. തന്റെ നായയെ കൊല്ലാന്‍ വന്ന തമിഴനും ടൊവിനോ അവതരിപ്പിച്ച ഷാജിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ പലരും ഷാജിക്കൊപ്പമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ നില്‍ക്കുന്നതെങ്കിലും ഫ്‌ളാഷ് ബാക്കറിയുമ്പോള്‍ പലര്‍ക്കും ടൊവിനോയാണല്ലോ വില്ലന്‍ എന്ന തോന്നല്‍ വന്നേക്കാം. അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ ചിത്രം അതിരടിയിലും സമാനമായ സാഹചര്യമാണെന്ന് കാണാം. ചിത്രത്തില്‍ സാംബോയ് എന്ന ബേസില്‍ ജോസഫ് കഥാപാത്രവും ടൊവിനോ അവതരിപ്പിച്ച തോട്ട കുട്ടനും തമ്മിലാണ് ഈഗോ ക്ലാഷ് നടക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദിലീഷ് പോത്തന്റെ ഇടുക്കി ഗോള്‍ഡിലും ജെയ്‌സണെ ഇടിച്ചിടണമെന്ന മഹേഷിന്റെ പ്രതികാര മനോഭാവമാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. അതിന് ശേഷം മാത്രമേ താന്‍ ചെരുപ്പിടുകയുള്ളൂ എന്ന മഹേഷിന്റെ വാശി ചിത്രത്തെ മെയില്‍ ഈഗോ ഴോണറിന്റെ ഭാഗമാക്കുന്നു. ടൊവിനോയുടെ തന്നെ തല്ലുമാലയിലും സംവിധായകന്‍ ഈ എലമെന്റ് ഉള്‍പെടുത്തിയിട്ടുണ്ട്.
സച്ചിയുടെ തിരക്കഥയില്‍ പിറന്ന 2019 ചിത്രം ഡ്രൈവിങ് ലൈസന്‍സും രണ്ട് പേര്‍ തമ്മിലുള്ള സംഘര്‍ഷം ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍-ഉണ്ണി മുകുന്ദന്‍ കോമ്പോയില്‍ വന്ന് വിക്രമാദിത്യനും ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്. ചിത്രങ്ങളിലൊന്നും തന്നെ അടിയും വെടിയും പുകയുമില്ലെങ്കിലും തിയേറ്ററുകളില്‍ വിജയമായി ഇവ മാറിയത് മലയാളി പ്രേക്ഷകരുടെ മാറിയ ആസ്വാദനത്തിന്റെ തെളിവാണെന്നതില്‍ സംശയമില്ല.
Content Highlight: Movies In malayalam that based on male ego
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.