വാഴ 2വിന്റെ തേരോട്ടത്തില്‍ തിയേറ്ററുകളില്‍ അര്‍ഹിക്കുന്ന വിജയം കിട്ടാതെ പോയെന്ന് എല്ലാവരും ഒരുപോലെ വിശേഷിപ്പിക്കുന്ന ചിത്രമാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം. 2024ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗമായ ഭരതനാട്യം ടീമിനൊപ്പം ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ഒന്നിച്ചപ്പോള്‍ 2026ലെ മികച്ച ചിത്രങ്ങളിലൊന്നാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. തിയേറ്ററില്‍ പിന്നിലായെങ്കിലും ഒ.ടി.ടിയില്‍ വാഴ 2വിനെക്കാളും കൈയടി നേടി മുന്നേറുകയാണ് ചിത്രം.

ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്ന ഡാര്‍ക്ക് ഹ്യൂമറിനും ബേബി ജീന്‍ അടക്കമുള്ളവരുടെ പ്രകടനത്തിനും വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സമൂഹത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമടക്കമുള്ള കാര്യങ്ങള്‍ നര്‍മത്തിന്റെ അകമ്പടിയോടെ സംവിധായകന്‍ മികച്ച രീതിയില്‍ അവതരിപ്പിട്ടുണ്ട്. എന്നാല്‍ ഇതിനൊപ്പം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ മറ്റ് ചിത്രങ്ങളിലെ റെഫറന്‍സുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ഭരതനാട്യം 2 മോഹിനിയാട്ടം. Photo: Netflix

മലയാളത്തിലെയും തമിഴിലെയും ഹിറ്റ് ചിത്രങ്ങളിലെ സീനുകളാണ് ചിത്രത്തില്‍ പലയിടങ്ങളിലായി സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്.തമിഴ് ചിത്രങ്ങളായ കൂലിയും ഏഴാം അറിവും മലയാള ചിത്രങ്ങളായ വെട്ടം, ദശരഥം, ദൃശ്യം, ഹൃദയം, അനിയത്തിപ്രാവ്, വേഷം തുടങ്ങിയ ചിത്രങ്ങളിലെ സീനുകളാണ് ഇത്തരത്തില്‍ ചിത്രത്തില്‍ പലയിടങ്ങളിലായി ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തിയേറ്ററില്‍ നിന്നും കണ്ടപ്പോള്‍ മനസിലാകാത്ത പലതും ചിത്രം ഒ.ടി.ടിയിലെത്തിയതിന് ശേഷമാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്.

ചിത്രത്തിലെ അളിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നന്ദു പൊതുവാളിനെ വഴിപോക്കാ എന്ന് വിളിക്കുന്നത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം സിനിമയെ ഓര്‍മിപ്പിക്കുമ്പോള്‍ ലോകേഷ് സംവിധാനം ചെയ്ത കൂലിയിലെ റെഫറന്‍സാണ് കാഴ്ച്ചക്കാരിലേക്ക് കൂടുതല്‍ കണക്ടാകുന്നത്. ഗോവിന്ദരാജയുടെ ശവം ദഹിപ്പിക്കാനായി ഒരു ശാസ്ത്രഞ്ജനെ വിളിപ്പിച്ച് ഷോക്കടിക്കുന്ന കസേരയുണ്ടാക്കാമെന്ന് പറയുന്നത് കൂലിയ്ക്ക് കിട്ടിയ ട്രോളുകളെ ഓര്‍മിപ്പിക്കുന്നു. മറ്റൊന്നാണ് സുഭാഷ് സീനിയറും സുഭാഷ് ജൂനിയറും തമ്മില്‍ കണ്ടുമുട്ടുന്ന സീന്‍. പരസ്പരം കണ്ണില്‍ നോക്കുന്ന ഇരുവരും ഡോങ്‌ലിയും സൂര്യയും തമ്മിലുള്ള ഫേസ് ഓഫിനെ ഓര്‍മിപ്പിക്കുന്നു. ദശരഥത്തിലെ മോഹന്‍ലാലിന്റെ ഐക്കോണിക്ക് കൈ വിറയ്ക്കല്‍ സീന്‍ റീക്രിയേറ്റ് ചെയ്ത സൈജു കുറുപ്പും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നു.

ജോര്‍ജ് കുട്ടി തിരിഞ്ഞുനോക്കുന്നുണ്ടോ എന്ന് സഹദേവന്‍ നോക്കുന്നതുപോലെ സൈജു കുറുപ്പിനെ ഗോവിന്ദരാജയുടെ സുഹൃത്തുക്കള്‍ നിരീക്ഷിക്കുന്ന ദൃശ്യത്തിലെ സീനിന്റെ റീക്രിയേഷന്‍ സിനിമ കണ്ട ഭൂരിഭാഗം പേര്‍ക്കും ആദ്യ കാഴ്ച്ചയില്‍ തന്നെ മനസിലായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ചിരിപടര്‍ത്തിയത് ഹൃദയം സിനിമയില്‍ തന്റെ സുഹൃത്തായ ശെല്‍വവനെ തിരഞ്ഞ് നടക്കുന്ന സീനിന്റെ റെഫറന്‍സിനായിരുന്നു. ശെല്‍വാ എന്ന് വിളിക്കുന്നതിന് പകരം മാമാ മാമ എന്ന് വിളിച്ചാണ് ബേബി ജീന്‍ നടക്കുന്നതെന്ന് കാണാം.

വേഷം സിനിമയില്‍ മമ്മൂട്ടി

സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ഈപ്പനും സരസ്വതിയും ഒരേ ഹാമറില്‍ ചെന്ന് കൈ വെക്കുന്നതിന് അനിയത്തിപ്രാവിലെ റെഫറന്‍സാണ് നല്‍കിയിരിക്കുന്നത്. സമാനമായി വേഷം സിനിമയില്‍ മമ്മൂട്ടി പറഞ്ഞ ഇമോഷണല്‍ ഡയലോഗ് ചിത്രത്തിന്റെ അവസാന ഭാഗത്ത് ജഗദീഷ് പറയുമ്പോള്‍ കൂട്ടപൊട്ടിച്ചിരിയാണ് ഫലം.

Content Highlight: Movie references in Bharathanatyam 2 Mohiniyattam