ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷങ്ങളിലെത്തുന്ന വിലായത്ത് ബുദ്ധ ഈ മാസം 21 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി രാജേഷ് പിന്നാടാനും ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥെയുഴുതിയ ചിത്രം മറയൂരിലെ ചന്ദനകടത്തിനെ ഇതിവൃത്തമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് സന്ദീപ് സേനന്‍.
അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.
എന്നാല്‍ സച്ചിയുടെ അപ്രതീക്ഷിത വിയോഗവും തുടര്‍ന്നുണ്ടായ അനിശ്ചിതത്വവും കാരണം ചിത്രീകരണം നീട്ടിവെക്കേണ്ടി വന്നതായി നിര്‍മാതാവ് സന്ദീപ് സേനന്‍ പറയുന്നു.
സച്ചിയുടെ വിയോഗം ഞങ്ങളില്‍ സൃഷ്ടിച്ചത് വലിയൊരു ശൂന്യതയായിരുന്നു. ഇനി എന്ത് ചെയ്യും എന്ന ചിന്തയിലാണ് സച്ചിയുടെ സന്തത സഹചാരിയായ ജയനിലേക്ക് എത്തുന്നത്. ജയനോളം സച്ചിയെ മനസ്സിലാക്കിയ മറ്റൊരാള്‍ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ പൃഥ്വ്വിരാജുമായി കൂടിയാലോചിച്ചാണ് ജയനെ സമീപിച്ചത്,’ സന്ദീപ് പറയുന്നു.
സച്ചിയെ പകുതി ആവാഹിച്ച ആളാണ്’ ജയന്‍ എന്നാണ് സന്ദീപ് സംവിധായകനെ വിശേഷിപ്പിച്ചത്.
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനായി ബസില്‍ നിന്ന് ചാടിയ പൃഥ്വിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പൃഥ്വിരാജിന് മാസങ്ങളുടെ വിശ്രമത്തിന് ശേഷമാണ് അഭിനയം തുടരാനായത്.
‘വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി നാല് ആക്ഷന്‍ ഡയറക്ടര്‍മാരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 2023 ല്‍ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് അപകടം പറ്റിയത് നിര്‍ഭാഗ്യമായിരുന്നു.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. ഈ സിനിമയുടെ ഇടയിലല്ലെങ്കില്‍ മറ്റൊരു സ്ഥലത്തു വെച്ച് ഒരുപക്ഷേ ഇത്തരമൊരു അപകടം നടന്നേനെ. ഇതിലൊന്നും ആരെയും കുറ്റപ്പെടുത്താനാവില്ല. ഇത്തരം കാര്യങ്ങളെ എപ്പോഴും പോസിറ്റീവ് ആയി എടുക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്,’ സന്ദീപ് പറഞ്ഞു.