എങ്ങനെയായിരിക്കും ഡിപ്രഷനിലേക്ക് വീണുപോകാതെ ആമി പിടിച്ചുനിന്നതെന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്: മഞ്ജു വാര്യര്‍
Movie Day
എങ്ങനെയായിരിക്കും ഡിപ്രഷനിലേക്ക് വീണുപോകാതെ ആമി പിടിച്ചുനിന്നതെന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th November 2025, 4:56 pm

സമ്മര്‍ ഇന്‍ ബത്ലഹേമിലെ തന്റെ കഥാപാത്രമായ അഭിരാമിയുടെ മാനസികാവസ്ഥ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഭയം തോന്നാറുണ്ടെന്ന് നടി മഞ്ജു വാര്യര്‍. എന്നാല്‍ അന്ന് കഥാപാത്രം ചെയ്യുന്ന സമയത്ത് അതിന്റെ ആഴം മനസ്സിലാക്കിയിട്ടില്ലായിരുന്നുവെന്നും താരം പറഞ്ഞു.

27 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ റി റിലീസുമായി ബന്ധപ്പെട്ട് കോക്കേഴ്സ് എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമ ചെയ്യുന്ന സമയത്ത് അഭിരാമിയെ ഞാന്‍ വേണ്ട രീതിയില്‍ മനസ്സിലാക്കിയിരുന്നില്ല. അഭിരാമി എന്ന കഥാപാത്രം അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും കടന്നുപോയ മാനസികാവസ്ഥയും ഇതെല്ലാം ഉള്ളിലൊതുക്കിയാണല്ലോ മറ്റുള്ളവര്‍ക്ക് മുന്നില്‍ കളിച്ചു ചിരിച്ച് നിന്നത് എന്നും ആലോചിക്കുമ്പോള്‍ അത്ഭുതവും ഭയവും തോന്നാറുണ്ട്.

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയിലെ ഗാനരംഗത്തില്‍ മഞ്ജു വാര്യര്‍ | Photo: Screen Grab/ Saina Music

അഭിരാമി ഒരുപാട് ലെയേഴ്സുള്ള കഥാപാത്രമാണ്. സിനിമ ചെയ്യുന്ന സമയത്ത് സിബി ചേട്ടനും രഞ്ജിത്തേട്ടനും പറഞ്ഞുതന്നത് അതുപോലെ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്.

മനുഷ്യരുടെ മാനസികാരോഗ്യത്തെക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിലിരുന്ന് ആലോചിക്കുമ്പോള്‍ എങ്ങനെയായിരിക്കും ഡിപ്രഷനിലേക്ക് വീണുപോകാതെ മാനസികമായി അഭിരാമി നടത്തിയ യാത്രയെന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്. ഇപ്പോഴാണ് ആ കഥാപാത്രമായി ഞാന്‍ അഭിനയിക്കുന്നത് എങ്കില്‍ കുറച്ചുകൂടെ മെച്ചപ്പെടുത്തി അഭിനയിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്’ മഞ്ജു പറയുന്നു.

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയിലെ ഗാനരംഗത്തില്‍ മഞ്ജു വാര്യര്‍ | Photo: Screen Grab/ Saina Music

‘ഇന്നത്തെ കാലത്തെ കുട്ടികളോട് മാനസികാരോഗ്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല, കാരണം തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് ഇന്നത്തെ തലമുറയ്ക്കുണ്ട്. മാത്രമല്ല തെറ്റുകള്‍ ചെയ്യുന്നത് മോശപ്പെട്ട കാര്യമല്ലെന്നും അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മെച്ചപ്പെടാനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ക്കറിയാം’ താരം പറയുന്നു.

സിനിമ ഷൂട്ട് ചെയ്ത കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ന് ഒരുപാട് മാറ്റം നമുക്കിടയില്‍ വന്നിട്ടുണ്ടെന്നും മാനസിക സംഘര്‍ഷത്തില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും താരം പറയുന്നു.

രഞ്ജിത് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998 സെപ്റ്റംബറിലാണ് തിയേറ്ററുകളിലെത്തിയത്. സുരേഷ് ഗോപി, മോഹന്‍ലാല്‍, ജയറാം, കലാഭവന്‍ മണി, മഞ്ജു വാര്യര്‍, സുകുമാരി തുടങ്ങി വന്‍താര നിര അണിനിരന്ന ചിത്രം 4 കെ അറ്റ്മോസില്‍ ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും.

Content Highlight: Manju Warrier about Abhirami Character Mental state Summer In Bethlehem