തിരുവന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി അധ്യാപകരുടെ അധ്യയന സമയം വര്‍ധിപ്പിക്കാന്‍ നീക്കം. ഒരു പിരീഡ് 45 മിനിട്ടില്‍ നിന്ന് ഒരു മണിക്കൂറായി കൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് ശ്രമമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
നീക്കത്തില്‍ ആശങ്കയറിയിച്ച് അധ്യാപക സംഘടനകള്‍ രംഗത്ത് വന്നിരുന്നു. നിലവില്‍ ഹയര്‍സെക്കന്ററി അധ്യാപകരുടെ അധ്യയന സമയം 45 മിനിട്ടാണ്. ജൂനിയര്‍ വിഭാഗം അധ്യാപകര്‍ക്ക് ആഴ്ചയില്‍ 15 പിരീഡും സീനിയര്‍ വിഭാഗം അധ്യാപകര്‍ക്ക് 25 പിരീഡുമാണ് ക്ലാസുകള്‍ ഉണ്ടാകുക. പിരീഡുകളുടെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തിക നിര്‍ണയം. പുതിയ നിര്‍ദേശം നടപ്പിലാക്കുമ്പോള്‍ തസ്തിക വ്യാപകമായി വെട്ടിച്ചുരുക്കുമെന്നും പുനര്‍വിന്യാസം ഉണ്ടാകുമെന്നും അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.
പൊതുവിദ്യാഭ്യാസ തലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററിയെ തകര്‍ക്കാനാണ് പുതിയ നീക്കമെന്ന് സംഘടന പറഞ്ഞു. പിരീഡുകള്‍ മണിക്കൂറുകളാക്കുമ്പോള്‍ ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ ജൂനിയറാകുകയും അവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്യുമെന്ന് സംഘടന പറഞ്ഞു. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജോലിഭാരം വര്‍ദ്ധിക്കുകയും പൊതു വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഇല്ലാതാകുകയും ചെയ്യും. കൂടാതെ വിദ്യാര്‍ത്ഥികളെ പരീക്ഷകള്‍ക്ക് മാത്രമല്ല സജ്ജമാക്കേണ്ടതെന്നും സംഘടന ആരോപിച്ചു.
ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഇടവേളകള്‍ ഒഴിവാക്കിയാല്‍ ഒരു ദിവസത്തില്‍ ലഭ്യമായ അധ്യയന സമയം ആറ് മണിക്കൂറാണ്. ഈ സമയപരിധിയില്‍ പരമാവധി എട്ട് പിരീഡുകള്‍ പഠിപ്പിക്കാം. എന്നാല്‍ പുതിയ സമയക്രമം അനുസരിച്ച് ആറ് പിരീഡുകള്‍ മാത്രമായിരിക്കും ക്ലാസ് എടുക്കാന്‍ സാധിക്കുക. ഇത് വേതന ഘടന, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, അധ്യാപക വിദ്യാര്‍ത്ഥി, അനുപാതം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും ആക്ഷേപമുണ്ട്.
സമയമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ അഭിപ്രായമറിയിക്കാന്‍ കഴിഞ്ഞ മാസം 24നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. സമയ പരിഷ്‌കരണം അധ്യാപകരുടെ തൊഴിലിനെ ബാധിക്കുമോ എന്നാണ് നിലവിലെ ആശങ്ക.
Content Highlight: Move to increase teaching hours for higher secondary teachers