ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി നിരോധിക്കാനുള്ള ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമസഭ സമ്മേളനത്തിന്റെ അവസാനദിവസം ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. സ്റ്റാലിൻ അറിയിച്ചു.
തമിഴ്നാട്ടിലുടനീളം ഹിന്ദി ഹോർഡിങ്ങുകളും ഹിന്ദി സിനിമകളും ഗാനങ്ങളും നിരോധിക്കുക എന്നാണ് ഇതിന്റെ ലക്ഷ്യമെന്നും സ്റ്റാലിൻ പറഞ്ഞു. ഭരണഘടനയ്ക്കനുസൃതമായി ഇത് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
നിയമനിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യോഗം ചേർന്നതായും വിദഗ്ധരുമായി ചർച്ച നടത്തിയതായും സ്റ്റാലിൻ അറിയിച്ചു.
‘ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങൾ ഒന്നും ചെയ്യില്ല. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു. ഭരണഘടനയ്ക്കനുസൃതമായി ഇത് നടത്തും,’ മുതിർന്ന ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു
ഔദ്യോഗിക ആശയവിനിമയങ്ങളിലും ഡോക്യുമെന്റേഷനുകളിലും പ്രാദേശിക ഭാഷയുടെ ഉപയോഗം തർക്കവിഷയമായിരുന്ന സാഹചര്യത്തിൽ പ്രാദേശിക ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കരുതെന്ന് ഡി.എം.കെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തമിഴരുടെമേൽ നിർബന്ധിച്ചൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.
നേരത്തെ സ്റ്റാലിൻ സർക്കാരിന്റെ നീക്കം അസംബന്ധമാണെന്നും ഭാഷ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബി.ജെ.പി നേതാവ് വിനോജ് സെൽവം പറഞ്ഞിരുന്നു. കരൂർ ദുരന്തമുൾപ്പടെയുള്ള വിവാദങ്ങൾ മറയ്ക്കാനാണ് ഭാഷ വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
Content Highlight: Move to ban Hindi in Tamil Nadu; Stalin to introduce bill