മലപ്പുറത്ത് അമ്മ നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു
Crime
മലപ്പുറത്ത് അമ്മ നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു
ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 9:50 am

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. കൂട്ടിലങ്ങാടി ചേരൂരിലാണ് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ കുറച്ച് നാളുകളായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് കഴുത്തറുത്ത് കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഞ്ഞിനെച്ചൊല്ലി നബീലയുടെ വീട്ടില്‍ സഹോദരനുമായി സ്ഥിരം വഴക്കുകള്‍ ഉണ്ടായിരുന്നു. അതേസമയം അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന് പറഞ്ഞ് ശിഹാബ് നബീലയെ മാനസികമായി പീഡിപ്പിച്ചിരുന്നു.

ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ALSO READ: കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു


അതേസമയം ഇന്നലെ കോഴിക്കോട് ബാലുശ്ശേരിയിലും സമാന സംഭവം ഉണ്ടായിരുന്നു. നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിന്‍ഷയാണ് (22) കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്.രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

ഇന്നലെ പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. അമ്മ റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്.
ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.