അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി മദര്‍ ഇന്ത്യ, ദേവ്ദാസ്, പിന്നെ മോഹന്‍ലാല്‍ ചിത്രവും
Film News
അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി മദര്‍ ഇന്ത്യ, ദേവ്ദാസ്, പിന്നെ മോഹന്‍ലാല്‍ ചിത്രവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st February 2025, 9:23 pm

മദര്‍ ഇന്ത്യ, ഇരുവര്‍, അമര്‍ അക്ബര്‍ അന്തോണി, ദേവ്ദാസ്, ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ, തുടങ്ങിയ ഇന്ത്യന്‍ ഐക്കണ്‍ സിനിമകള്‍ ലോസ് ഏഞ്ചല്‍സിലെ അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ പ്രദര്‍ശിപ്പിക്കും.

ലോസ് ഏഞ്ചല്‍സിലെ അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്ചേഴ്സ് 2025 മാര്‍ച്ച് ഏഴ് മുതല്‍ ഏപ്രില്‍ 19 വരെ നടക്കുന്ന ‘ഇമോഷന്‍ ഇന്‍ കളര്‍: എ കാലെയ്ഡോസ്‌കോപ്പ് ഓഫ് ഇന്ത്യന്‍ സിനിമ’ എന്ന സെക്ഷനില്‍ ഇന്ത്യയില്‍ നിന്നുള്ള 12 ഐക്കണിക് ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും.

സിനിമയില്‍ കളറിന്റെ കടന്ന് വരവ്, വൈകാരികമായ കഥപറച്ചില്‍ രീതികളുടെ പരിണാമം തുടങ്ങിയ വിഷയങ്ങള്‍ ഈ സെക്ഷനില്‍ ചര്‍ച്ച ചെയ്യും.

കാലങ്ങള്‍, പ്രദേശങ്ങള്‍, ഭാഷകള്‍, വിഭാഗങ്ങള്‍ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ സിനിമയുടെ വിപുലമായ സമ്പന്നതയും വൈവിധ്യവും എടുത്ത് കാണിക്കുക എന്നതാണ് സെക്ഷന്റെ ലക്ഷ്യം. പീരിയഡ് ഡ്രാമകളുടെ പ്രാധാന്യം, കൊളോണിയല്‍ ഭരണകാലത്തെ ഫെമിനിസ്റ്റ് ശബ്ദങ്ങള്‍, പുതുതായി സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന്റെ പ്രതീക്ഷകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

മദര്‍ ഇന്ത്യ, മന്ഥന്‍, അമര്‍ അക്ബര്‍ അന്തോണി, ഇഷാനോ, കുമ്മാട്ടി, മിര്‍ച്ച് മസാല, ദേവ്ദാസ്, ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ, ജോധാ അക്ബര്‍, കാഞ്ചന്‍ജംഗ, മായ ദര്‍പ്പണ്‍, ഇരുവര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സിനിമകളായിരിക്കും പ്രദര്‍ശിപ്പിക്കുക.

ഇരുവര്‍

1997ല്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ.ആര്‍.റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും എം.കരുണാനിധിയുടേയും രാഷ്ട്രീയജീവിതാംശങ്ങള്‍ പകര്‍ത്തിയിരുന്നു. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എക്കാലത്തെയും ക്ലാസിക് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു. ചിത്രത്തിലെ പ്രകടനത്തിന് പ്രകാശ്രാജിന് മികച്ച സഹ നടനുള്ള ദേശീയ അവാര്‍ഡും കിട്ടിയിരുന്നു.

Content highlight: Mother India, Iruvar and other Indian films to be screened at The Academy Museum