World
ഇസ്രഈല്‍ ആക്രമണങ്ങളെ സൈന്യത്തിന് ഒറ്റയ്ക്ക് പ്രതിരോധിക്കാനാവില്ല; ഹിസ്ബുള്ളയുടെ നിരായൂധീകരണത്തെ എതിര്‍ത്ത് ലെബനീസ് ജനത; സര്‍വേ
ബെയ്‌റൂട്ട്: ഹിസ്ബുള്ളയുടെ നിരായൂധീകരണത്തെ ലെബനീസ് ജനത എതിര്‍ക്കുന്നതായി അഭിപ്രായ സര്‍വേ.
ലെബനനിലെ കണ്‍സള്‍ട്ടേറ്റീവ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് ഡോക്യുമെന്റേഷന്‍ നടത്തിയ സര്‍വേയില്‍ ലെബനനിലെ 58 ശതമാനം ആളുകളും ഹിസ്ബുള്ളയുടെ നിരാധൂധീകരണത്തെ എതിര്‍ക്കുന്നുണ്ട്.
ഇസ്രഈലിന്റെ ആക്രമണങ്ങളെ സ്വന്തമായി നേരിടാന്‍ രാജ്യത്തിന്റെ സൈന്യത്തിന് കഴിയില്ലെന്നാണ് സര്‍വേയില്‍ വലിയൊരു ശതമാനം ചൂണ്ടിക്കാട്ടിയത്.
ഹിസ്ബുള്ളയുടെ നിരായുധീകരണത്തിനെതിരായ എതിര്‍പ്പ് ഏറ്റവും ശക്തമായത് ഷിയകള്‍ക്കിടയിലാണ് (96 ശതമാനം).
ഡ്രൂസ് വിഭാഗത്തില്‍ നിന്നും 50 ശതമാനം പേരും 46 ശതമാനം സുന്നികളും 32 ശതമാനം ക്രിസ്ത്യാനികളും ഹിസ്ബുള്ളയുടെ നിരായൂധീകരണത്തെ എതിര്‍ത്തു.
ഇസ്രഈലിന്റെ ആക്രമണങ്ങളെ സ്വന്തമായി നേരിടാന്‍ സൈന്യത്തിന് കഴിവുണ്ടെന്ന് 71.7 ശതമാനം ലെബനീസ് ജനതയും വിശ്വസിക്കുന്നില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
ഇസ്രഈലിനെ പിന്തിരിപ്പിക്കാന്‍ ലെബനന്റെ നയതന്ത്ര ബന്ധങ്ങള്‍ പര്യാപ്തമല്ലെന്ന് 76 ശതമാനം പേര്‍ വിശ്വസിക്കുന്നുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടി. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 4 വരെ ലെബനനിലെമ്പാടുമുള്ള 600 ഓളം ആളുകളിലാണ് സര്‍വേ നടത്തിയത്.
രാജ്യത്തിന്റെ ആയുധ വിതരണവും ഉത്പാദനവും രാജ്യസേനകളില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് കഴിഞ്ഞയാഴ്ച ലെബനന്‍ മന്ത്രിസഭ തീരുമാനിച്ചത്.
വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളമുള്ള ആയുധങ്ങള്‍ ആറ് ഔദ്യോഗിക സുരക്ഷാ സേനകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാന്‍ ലെബനന്‍ സൈന്യത്തെ അധികാരപ്പെടുത്തുന്നതാണ് മന്ത്രിസഭയുടെ തീരുമാനം.
ആയുധങ്ങളുടെ മേല്‍ ഒരു ഭരണകൂട കുത്തക കൊണ്ടുവരേണ്ടത് തങ്ങളുടെ കടമയാണെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. തീരുമാനം അമേരിക്കയുടെ ആജ്ഞപ്രകാരമാണെന്നായിരുന്നു ഹിസ്ബുള്ള പറഞ്ഞത്.
ലെബനന്റെ നിരായുധീകരണ തീരുമാനത്തെ തങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും ഇസ്രഈലിന്റെ താത്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും ലെബനലിലെ സായുധ സംഘടനയായ ഹിസ്ബുള്ള പറഞ്ഞു.
ആയുധങ്ങളുടെ മേല്‍ ഭരണകൂട കുത്തക സ്ഥാപിക്കാനുള്ള ലെബനന്‍ സര്‍ക്കാരിന്റെ നീക്കം ഗുരുതരമായ കുറ്റമാണെന്നും തങ്ങള്‍ അത് തള്ളിക്കളയുന്നെന്നുമാണ് ഹിസ്ബുള്ള പറഞ്ഞത്.
‘ഈ തീരുമാനം ഇസ്രഈലിനെ സഹായിക്കുന്നതാണ്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നവംബറില്‍ ഹിസ്ബുള്ളയുമായി ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ദിവസനേയെന്നോണം ലംഘിക്കുകയാണ്.
ലെബനനെതിരെയുള്ള ആക്രമണം ഇസ്രഈല്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ലെബനന്‍ സായുധ സംഘത്തോട് ആയുധം താഴെ വയ്ക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത്,’ ഹിസ്ബുള്ള പറഞ്ഞു.
എന്നാല്‍ നിരായുധീകരണം ഒരു സെന്‍സിറ്റീവ് വിഷയമാണെന്നും ഇത് ദേശീയ സമാധാനത്തിന് തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് വെള്ളിയാഴ്ച ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ മുന്നറിയിപ്പ് നല്‍കിയത്.
ഇസ്രഈല്‍ ആക്രമണത്തിന് മുന്നില്‍ ഹിസ്ബുള്ള ആയുധങ്ങള്‍ താഴെ വയ്ക്കില്ലെന്ന് ഹിസ്ബുള്ള നേതാവ് നയിം ഖാസിം മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പകരം ഇസ്രഈലിനെതിരായ പ്രതിരോധം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlight: Most Lebanese oppose Hezbollah disarmament, say army cannot confront Israel: Poll