2025ല്‍ അമേരിക്കയില്‍ പ്രചരിച്ചത് 4.7 ദശലക്ഷത്തിലധികം മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍; മുന്നില്‍ ടെക്‌സസ്
World
2025ല്‍ അമേരിക്കയില്‍ പ്രചരിച്ചത് 4.7 ദശലക്ഷത്തിലധികം മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍; മുന്നില്‍ ടെക്‌സസ്
രാഗേന്ദു. പി.ആര്‍
Friday, 23rd January 2026, 11:18 pm

വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം അമേരിക്കയിലുടനീളം റിപ്പോര്‍ട്ട് ചെയ്തത് 4.7 ദശലക്ഷത്തിലധികം ഇസ്‌ലാമോഫോമിക് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. ദക്ഷിണാഫ്രിക്കന്‍ സംഘടനായ ഇക്വാലിറ്റി ലാബ്സിന്റേതാണ് ഈ റിപ്പോര്‍ട്ട്.

12 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്വാലിറ്റി ലാബ്‌സ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 4.7 ദശലക്ഷം പോസ്റ്റുകള്‍ക്ക് പുറമെ ലൈക്ക്, ഷെയര്‍, കമന്റ്, സേവ്, ക്ലിക്ക് എന്നിവയുള്‍പ്പെടെ 34.8 ദശലക്ഷം ആക്ടിവിറ്റികളും രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്‌ലിങ്ങളെ നാടുകടത്താനുള്ള ആഹ്വാനങ്ങള്‍, ഇസ്‌ലാം നേതാക്കള്‍ക്കെതിരായ അന്വേഷണങ്ങള്‍ക്കുള്ള സമ്മര്‍ദം, മുസ്‌ലിം കുടിയേറ്റത്തിന് എതിരായ നിലപാടുകള്‍ എന്നിവയാണ് ഇസ്‌ലാംമോഫോമിക് പോസ്റ്റുകളുടെ ഉള്ളടക്കം. ഇക്വാലിറ്റി പരിശോധിച്ച 1,500 പോസ്റ്റുകളുടെയും സ്വഭാവം ഇത്തരത്തില്‍ ഉള്ളതാണെന്ന് പഠനത്തെ ഉദ്ധരിച്ച് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ ടെക്‌സസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ പ്രചരിച്ചിരിക്കുന്നത്. ഏകദേശം 279,000 പോസ്റ്റുകള്‍. 150,000 പോസ്റ്റുകളുമായി ഫ്‌ലോറിഡ രണ്ടാം സ്ഥാനത്തും 117,000 പോസ്റ്റുമായി കാലിഫോര്‍ണിയ മൂന്നാം സ്ഥാനത്തുമുണ്ട്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉദ്യോഗസ്ഥര്‍ക്കുമിടയിലാണ് ഇത്തരം ഉള്ളടക്കങ്ങളാണ് കൂടുതല്‍ പ്രചാരമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍, വോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളില്‍ വര്‍ധനയുണ്ടെന്നും ഇക്വാലിറ്റി ലാബ്‌സ് പറഞ്ഞു. വലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്നവര്‍ മനപൂര്‍വം സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇക്വാലിറ്റി ലാബ്‌സ് ചൂണ്ടിക്കാട്ടി.

Content Highlight: More than 4.7 million anti-Muslim social media posts circulated in the US in 2025; Texas leads

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.