ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ആക്രമണങ്ങളില്‍ നൂറിലധികം പേരെ കാണാതായി; അന്വേഷണത്തിന് ആറ് അംഗ സമിതി രൂപീകരിക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച
national news
ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ആക്രമണങ്ങളില്‍ നൂറിലധികം പേരെ കാണാതായി; അന്വേഷണത്തിന് ആറ് അംഗ സമിതി രൂപീകരിക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st January 2021, 11:12 pm

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടന്ന ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമ സംഭവത്തില്‍ നൂറിലധിം പേരെ കാണാതായി കര്‍ഷക യൂണിയനുകളുടെ സംയുക്ത സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച.

സംഭവത്തില്‍ അന്വേഷണത്തിനായി ആറ് അംഗ സമിതി രൂപികരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ന്യൂസ് എജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം കര്‍ഷക പ്രക്ഷോഭം തുടരുന്നതുവരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായി ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ ജിന്ദ് ജില്ലാ പ്രസിഡന്റുമായ ആസാദ് പാല്‍വാ പറഞ്ഞു.

കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് ധാദന്‍ ഖാപ്പുകള്‍ നിലപാട് കടുപ്പിച്ചത്.

കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ഇന്റര്‍ നെറ്റ് വിച്ഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹരിയാനയിലേയും ദല്‍ഹിയിലേയും നാട്ടുകാര്‍ രംഗത്തുവന്നിരുന്നു.

സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എന്ന് പറഞ്ഞുകൊണ്ടായിരുന്നു 17 ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചത്.

എന്നാല്‍ കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ നാട്ടുകാര്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴി കര്‍ഷകര്‍ ആശയ വിനിമയം നടത്തുന്നുണ്ട്.

ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും മുസ്ലിം പള്ളികളുമൊക്കെ കര്‍ഷകര്‍ തമ്മിലുള്ള ആശയവിനിമയത്തിന് സൗകര്യം ഒരുക്കുന്നുണ്ട്.

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ വലിയ തരത്തിലുള്ള പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.

കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ സമര സ്ഥലത്ത് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  More than 100 people are missing after attacks during a tractor rally; The Joint Kisan Morcha is preparing to form a six-member committee to investigate