ചൈനയ്‌ക്കെതിരെ അമേരിക്ക; ചൈനയോടുള്ള ദേഷ്യം കൂടിവരികയാണെന്ന് ട്രംപ്
World News
ചൈനയ്‌ക്കെതിരെ അമേരിക്ക; ചൈനയോടുള്ള ദേഷ്യം കൂടിവരികയാണെന്ന് ട്രംപ്
ന്യൂസ് ഡെസ്‌ക്
Wednesday, 1st July 2020, 8:11 am

വാഷിംഗ്ടണ്‍: കൊവിഡ് 19 പിന്നില്‍ ചൈനയാണെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങള്‍ക്ക് കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നില്ലെന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ചൈനയ്‌ക്കെതിരെ വീണ്ടും ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ചൈനയോടുള്ള ദേഷ്യം കൂടി വരികയാണെന്നും ട്രംപ് പറഞ്ഞു.

” അമേരിക്കയില്‍ ഉള്‍പ്പെടെ കനത്ത നഷ്ടമുണ്ടാക്കി മഹാമാരി അതിന്റെ വൃത്തിക്കെട്ട മുഖത്തോടെ ലോകമെമ്പാടും വ്യാപിക്കുന്നത് കാണുമ്പോള്‍, എനിക്ക് ചൈനയോട് കൂടുതല്‍ കൂടുതല്‍ അരിശം വരുന്നു, ആളുകള്‍ക്ക് അത് കാണാന്‍ കഴിയും” ട്രംപ് ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന് നേരത്തേയും ട്രംപ് ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ ബീജിംഗിനെതിരെ ട്രംപ് നടത്തിയ പരാമര്‍ശം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

കൊവിഡ് വിഷയത്തില്‍ അമേരിക്ക ചൈനയ്‌ക്കെതിരെയും ചൈന അമേരിക്കയ്‌ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക അത് അവഗണിക്കുകയായിരുന്നു എന്നാണ് ചൈന പറഞ്ഞത്.

നിലവില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. അനിയന്ത്രിതമായി രോഗം രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.  2,727,853 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ]