കസ്റ്റമേഴ്സിൽ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയാല്‍ മതിയെന്ന് ദിയ തന്നെയാണ് പറഞ്ഞതെന്നും നികുതി പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ നിര്‍ദേശിച്ചതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മകള്‍ ദിയ കൃഷ്ണനയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍. കൃഷ്ണകുമാറും ദിയയും കൃഷ്ണകുമാറിന്റെ പങ്കാളിയായ സിന്ധു കൃഷ്ണകുമാറും ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
നേരത്തെ തങ്ങളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് മൂന്ന് വനിതാ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കൃഷ്ണകുമാറും ദിയയും കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷുമാണ് കേസിലെ പ്രതികള്‍. സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം തട്ടിയെന്ന ദിയയുടെ പരാതിയില്‍ മൂന്ന് ജീവനക്കാര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവം ചര്‍ച്ചയായതോടെയാണ് കൂടുതല്‍ ആരോപണങ്ങളുമായി വനിതാ ജീവനക്കാര്‍ രംഗത്തെത്തിയത്. സി.സി.ടി.വിയിലൂടെ കൃത്യമായി കാര്യങ്ങള്‍ മോണിറ്റ് ചെയ്യുന്ന ദിയയ്ക്ക് എന്തുകൊണ്ട് 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന വിവരം അറിയാന്‍ കഴിഞ്ഞില്ലെന്ന് ജീവനക്കാര്‍ ചോദിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവര്‍.
കസ്റ്റമറില്‍ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയാല്‍ മതിയെന്ന് ദിയ തന്നെയാണ് പറഞ്ഞതെന്നും നികുതി പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ നിര്‍ദേശിച്ചതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുകയാണെന്ന് അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തങ്ങളുടെ സമ്മതം ഇല്ലാതെ രണ്ട് മണിക്കൂര്‍ സമയം കൊണ്ട് തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എങ്ങനെയാണ് കൃഷ്ണകുമാറിന് ലഭിച്ചത്. ഭീഷണിപ്പെടുത്തി ദിയ കുറ്റം സമ്മതിക്കുകയും പണം വാങ്ങിക്കുകയും ചെയ്തുവെന്നും ജീവനക്കാര്‍ പറയുന്നു.
പണത്തിന്റെ കാര്യം ചര്‍ച്ച ചെയ്യാനെന്ന് അറിയിച്ച് ദിയ തങ്ങളെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെ നിന്ന് അവരുടെ വാഹനത്തില്‍ നിര്‍ബന്ധിച്ച് കയറ്റി അമ്പലമുക്കിലെ ഒരു ഓഫീസില്‍ എത്തിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു.
പിന്നാലെ കൃഷ്ണകുമാറിന്റെ മറ്റ് മൂന്ന് മക്കളും ഭാര്യയും അവിടെയെത്തി. തുടര്‍ന്ന് സിന്ധു കൃഷ്ണകുമാര്‍ ജാതീയമായി അധിക്ഷേപിച്ചു. മുക്കുവത്തികളായ നിങ്ങള്‍ക്ക് ഐഫോണ്‍ ഉപയോഗിക്കാന്‍ എന്താണ് യോഗ്യതയെന്നും നിങ്ങളൊക്കെ ക്രിമിനലുകളാണെന്നും സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞതായും വനിതാ ജീവനക്കാര്‍ പറഞ്ഞു.