എഡിറ്റര്‍
എഡിറ്റര്‍
കപടസദാചാരം കാടത്തമാകുമ്പോള്‍
എഡിറ്റര്‍
Friday 16th March 2012 10:28am

moral police

 

എസ്സേയ്‌സ്/ഒ.കെ ജോണി

O K Johni, ഒ.കെ ജോണിദാചാര സംരക്ഷകരായി അഭിനയിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയാണെന്നതിന്റെ ഒടുവിലത്തെ സൂചനയാണ് കൊയിലാണ്ടിയില്‍ നിന്നു ഇയ്യിടെ ലഭിച്ചത്. ‘അനാശാസ്യ’പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഒരു സംഘമാളുകള്‍ ബാബു എന്ന ടാക്‌സി ഡ്രൈവറെ കെട്ടിയിട്ടു മര്‍ദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മര്‍ദ്ദകര്‍തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. അപമാനിതനായതിന്റെ പിറ്റേന്ന് ബാബു ആത്മഹത്യചെയ്തതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഏതാനും പേര്‍ ചേര്‍ന്ന് ഒരു വ്യക്തിയുടെ മേല്‍ കുറ്റാരോപണം നടത്തി ശിക്ഷ നടപ്പാക്കുവാന്‍ തുനിയുന്നതാണ് ഏറ്റവും വലിയ അനാശാസ്യം. ആശാസ്യമേത് അനാശാസ്യമേത് എന്ന് തീരുമാനിക്കുവാന്‍ ആരാണിവര്‍? പരസ്പരാനുവാദത്തോടെ സ്ത്രീപുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുപോലും നിയമവിലക്കുകളൊന്നുമില്ലാത്തതിനാല്‍ അത് അനാശാസ്യമല്ലെന്ന് ഒരു പരിഷ്‌കൃത സാക്ഷരസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

നിക്ഷിപ്ത താല്‍പര്യക്കാരുടെ ഗൂഢസംഘങ്ങളും മതാധികാരികളുമെല്ലാം സദാചാരത്തിന്റെ പേരില്‍ നിയമാനുസൃതമായ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണിപ്പോള്‍. നന്മയെ ആചരിക്കലാണ് സദാചാരമെങ്കില്‍ നമ്മുടെ നാട്ടിലെ സ്വയംപ്രഖ്യാപിത സദാചാര സംരക്ഷകര്‍ ദുരാചാരങ്ങളുടെ കാവല്‍ക്കാരായ ക്രിമിനലുകളാണെന്നു പറയേണ്ടിവരും.

സദാചാരപ്പൊലീസെന്ന് സ്വയം ഭാവിക്കുന്ന കുറ്റവാളികളുടെ പ്രാകൃത ശിക്ഷാവിധിക്കിരയായി കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഒരു യുവാവ് മരിച്ച സംഭവത്തിന് തൊട്ടുപിറകെയാണ് കൊയിലാണ്ടിയില്‍നിന്നുള്ള ഈ ഞെട്ടിക്കുന്ന വാര്‍ത്ത. മുക്കത്തെ യുവാവ് ഏതോ ഒരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടുവെന്നതാണ് ചിലരെ പ്രകോപിപ്പിച്ചത്. സ്ത്രീപുരുഷ സൗഹൃദത്തെസ്സംബന്ധിച്ച വികലബോധവും അസൂയയുമാണ് ആ യുവാവിനെ മര്‍ദ്ദിച്ചുകൊല്ലാന്‍ അവരെ പ്രരിപ്പിച്ചതെന്നു വ്യക്തമാണ്.

ഒരു സ്ത്രീയും പുരുഷനും ഉഭയസമ്മതത്തോടെ ബന്ധംപുലര്‍ത്തുന്നതില്‍ സമൂഹം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിനാണ്? കൊയിലാണ്ടിയിലും സമൂഹത്തിന്റെ സമാനമായ അസഹിഷ്ണുതയാണ് ഒരു യുവാവിനെ മരണത്തിലേക്കു നയിച്ചത്. അപകര്‍ഷതയും അസഹിഷ്ണുതയും പോലുള്ള മനോവൈകല്യങ്ങളും അജ്ഞതയും ഏറിയ അളവിലുള്ള മന്ദബുദ്ധികളാണ് മിക്കപ്പോഴും അന്യരുടെ ‘സദാചാരഭ്രംശ’ത്തിനുനേരെ ഒളിനോട്ടമയക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും.

Khajuraho sculptures, moral policingഎറണാകുളത്ത് പുരുഷ സുഹൃത്തിനൊപ്പം മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്തിന് തസ്‌നി ബാനു എന്ന യുവതിയെ ആക്രമിച്ച ക്രിമിനല്‍ സംഘത്തിന് പിന്തുണയുമായി ‘നാട്ടുകാരുടെ’ വേറൊരു സംഘവും പിറ്റേന്നുതന്നെ രംഗത്തു വരികയുണ്ടായി. തന്നെ തടഞ്ഞുവെച്ച ക്രിമിനല്‍ സംഘത്തോട് ശരിയായ ചോദ്യം ചോദിക്കുവാന്‍ ധൈര്യമുണ്ടായ തസ്‌നി ബാനുവിനെതിരെ കേസെടുക്കണ മെന്നാവശ്യപ്പെട്ട് തെരുവില്‍ പ്രകടനം നടത്തിയ ഹീനമനസ്‌കരായ ‘നാട്ടുകാര്‍’ മലയാളികള്‍ക്കാകെ അപമാനമുണ്ടാക്കുകയായിരുന്നു.

ഒരു സ്ത്രീയെ തടഞ്ഞുവെച്ച് അപമാനിക്കുകയെന്ന ഗുരുതരമായ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നവരാണ് അനാശാസ്യകൃത്യം ചെയ്തതെന്ന് പറയുവാന്‍ മാദ്ധ്യമങ്ങളും തയ്യാറല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസ് നേതാവിനും അദ്ദേഹത്തോടൊപ്പം യാത്രചെയ്ത സ്ത്രീസുഹൃത്തിനുമുണ്ടായ അപമാനവും ഇങ്ങനെ മലയാളികള്‍ ആസ്വദിക്കുകയായിരുന്നുവല്ലോ. വ്യക്തിസ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്ന ഇത്തരം ക്രിമിനലുകളെ നേരിടുന്നതില്‍ പൗരസമൂഹം പുലര്‍ത്തുന്ന ഉദാസീനത സമൂഹമാകെ പങ്കുവെയ്ക്കുന്ന കപടമായ സദാചാരബോധത്തിന്റെ ഫലമാണെന്നതാണ് വാസ്തവം. മാന്യന്മാരാണെന്നു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍  ഈ സദാചാര സംരക്ഷകവേഷം കൂടിയേ തീരൂ എന്നാണ് മലയാളികള്‍ കരുതുന്നത്. മാദ്ധ്യമങ്ങള്‍-വിശേഷിച്ചും നമ്മുടെ വന്‍ ദിനപത്രങ്ങള്‍-ഈ കാപട്യത്തെ നിലനിര്‍ത്തുവാനും ന്യായീകരിക്കുവാനും സദാ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് എന്ന അപസര്‍പ്പക കഥ സൃഷ്ടിച്ച് മാലിക്കാരായ രണ്ട് പാവപ്പെട്ട സ്ത്രീകളെയും ഏതാനും ശാസ്ത്രജ്ഞന്മാരെയും വര്‍ഷങ്ങളോളം പീഡിപ്പിച്ച കേരള പൊലീസും കേരളത്തിലെ മുഖ്യധാരാ ദിനപ്പത്രങ്ങളും പുലര്‍ത്തുന്ന പ്രാകൃതമായ സദാചാരബോധവും മതാന്ധതകളെ മറയായി കൊണ്ടുനടക്കുന്ന മലയാളികളുടെ കാപട്യവും എത്ര മനുഷ്യരെയാണ് നിത്യവും അപമാനിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്? അന്യ മതത്തില്‍പ്പെട്ട പുരുഷനുമായി സംസാരിച്ചതിന്റെ പേരില്‍പ്പോലും പെണ്‍കുട്ടികള്‍ ശിക്ഷിക്കപ്പെടുന്ന പ്രാകൃതസമൂഹത്തെദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത് വിരുദ്ധോക്തിയാണോ എന്നും സംശയിക്കണം.

മതങ്ങളും അവയുടെ ചാവേര്‍പ്പടകളായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സംഘടനകളും സദാചാരസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ കേരളത്തിലും പതിവായിരിക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട കോളജ് കാമ്പസുകളും വര്‍ഗ്ഗീയതകളുടെ ഫാക്ടറികളായിക്കൊണ്ടിരിക്കുന്നു. മതങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സദാചാരം പരിഷ്‌കൃതസമൂഹത്തിന് അസ്വീകാര്യമായ ദുരാചാരമാണെന്ന വാസ്തവം പുരോഗമന വാദികള്‍തന്നെ വിസ്മരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം സദാചാര സംരക്ഷകരായി നടിച്ചുകൊണ്ട് കുറ്റവാളികളെ പരോക്ഷമായി ന്യായീകരിക്കുവാന്‍ അവരില്‍പ്പലരും മുതിരുന്നത്.

കര്‍ണാടകയില്‍ മുത്താലിക്കിന്റെ ശ്രീരാമസേന പൊതുസ്ഥലത്തുവെച്ച് ഏതാനും വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചതും സദാചാര സംരക്ഷണത്തിന്റെ മറവിലായിരുന്നു. അന്ന് ഒരു മലയാളം ചാനല്‍ അതേക്കുറിച്ചു നടത്തിയ ചര്‍ച്ചയില്‍, ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തക പറഞ്ഞത്, ആക്രമണം മോശമായെങ്കിലും പെണ്‍കുട്ടികള്‍ പരസ്യമായി ‘ബീര്‍പബ്ബി’ല്‍ പോയത് ഭാരതീയസംസ്‌കാരത്തിന് യോജിച്ചതായില്ല എന്നാണ്. മുത്താലിക്കും ശ്രീരാമ സേനയും ഇതേ ന്യായം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടികളെ തല്ലിയോടിച്ചതെന്ന് ബുദ്ധിമതിയായ പത്രപ്രവര്‍ത്തകയ്ക്ക് അറിയാതിരിക്കാനിടയില്ല. ഇതാണ് നമ്മുടെ പുരോഗമനവാദികളുടെ വര്‍ഗ്ഗീയ തന്ത്രം. ഈ കപട സദാചാരതന്ത്രം ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകളില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ശബരിമല തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയായ രാഹുല്‍ ഈശ്വര്‍ എന്ന സുമുഖനായ ടെലിവിഷന്‍ താരം.

കൊയിലാണ്ടിയിലെ യുവാവിനുനേരെ അതിക്രമം ചെയ്തതിനെക്കുറിച്ച് ഇന്ത്യാവിഷനും ഏഷ്യാനെറ്റ് ന്യൂസും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ സമാനമായൊരു ചര്‍ച്ച ടൈംസ് നൗ ചാനലില്‍ നടക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയിലെ നോയിഡയില്‍ ഒരു ജന്മദിനാഘോഷ വേളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായതിനെ കുറിച്ചായിരുന്നു അത്.

കുറ്റവാളികളുടെ പേരുവിവരം പരസ്യപ്പെടുത്തുന്നതിനുപകരം ക്രൂരതയ്ക്കിരയായ പെണ്‍കുട്ടിയുടെ പേരുവെളിപ്പെടുത്തുന്ന പത്രക്കുറിപ്പിറക്കിയ പൊലീസിന്റെ അധാര്‍മ്മികതയെയും നിയമലംഘനത്തെയും കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത യുവതന്ത്രിയും നടേ പറഞ്ഞ പത്രപ്രവര്‍ത്തകയെപ്പോലെ മദ്യപാനം നടക്കുന്ന ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ സദാചാരഭ്രംശത്തെപ്പറ്റിയായിരുന്നു വികാര വിജ്രംഭിതനായത്.

ബലാത്സംഗം ചെയ്തവരെ പരോക്ഷമായി ന്യായീകരിക്കുന്ന രാഹുല്‍ ഈശ്വറിനോട് വാര്‍ത്താവതാരകനായ അര്‍ണാബ് ഗോസ്വാമിക്ക്, മനുഷ്യവിരുദ്ധ പ്രസ്താവനയാണിതെന്നും മദ്ധ്യകാലത്തിന്റെ പ്രതിനിധിയാണ് താങ്കളെന്നും പറയേണ്ടിവന്നു. കേരളത്തിന്റെയും സദാചാരത്തിന്റെയും ആര്‍ഷഭാരത സംസ്‌കാരത്തിന്റെയും  വക്താവായി ആംഗല ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന രാഹുല്‍ ഈശ്വര്‍ ആരാണെന്ന് ഇപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരം ആതിഥേയനായ ഒരു ചാനല്‍ മേധാവിക്ക് ബോദ്ധ്യമായത് നന്നായി. എന്നാല്‍ തന്ത്രശാലികളായ ഇത്തരം തന്ത്രിമാരാണ് നമ്മുടെ നാട്ടില്‍ സംസ്‌കാരവും സദാചാരവുമെല്ലാം നിര്‍ണ്ണയിക്കുന്നതും നിര്‍വ്വചിക്കുന്നതുമെന്ന്  ഓര്‍ക്കുമ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്‍ സംസാരിക്കുന്ന തന്ത്രിയുവാവിനെപ്പോലെ മലയാളികളും മദ്ധ്യകാല സംസ്‌കാരത്തിലാണ് ജീവിക്കുന്നതെന്നു പറയേണ്ടിവരും.

അക്രമങ്ങള്‍ക്കിരകളാവുന്ന എത്രയോ സ്ത്രീകള്‍ സഹായത്തിനും നീതിക്കും വേണ്ടി നിലവിളിക്കുന്നതു കേള്‍ക്കാത്തവരാണ് നമ്മുടെ നാട്ടില്‍ സദാചാരസംരക്ഷരായിച്ചമയുന്നത്. കന്യാസ്ത്രീമഠങ്ങളിലെ കൊലപാതകങ്ങള്‍ പോലും ആത്മഹത്യയാക്കുവാന്‍ പ്രാപ്തിയുള്ള മതമേധാവികളുടെ സദാചാരപ്രസംഗങ്ങള്‍ കേട്ട് പുളകിതരാകുവാന്‍ കഴിയുന്നതും ഭാഗ്യംതന്നെ. ആ ഭാഗ്യശാലികളെക്കുറിച്ചാണ് എന്‍.എന്‍.കക്കാടിന്റെ പോത്ത് എന്ന കവിത. ശീര്‍ഷകം വേറെയാണെങ്കിലും നമ്മള്‍, കുഞ്ഞാടുകളുടെ ആത്മകഥയാണത്.

കടപ്പാട്: മലയാളം വാരിക

Advertisement