സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാണ് കൂലിയിലെ ‘മോണിക്ക’. അനിരുദ്ധിന്റെ മറ്റൊരു കുത്തുപാട്ട് ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. സൗബിൻ നിറഞ്ഞാടിയെന്ന് പറഞ്ഞാണ് മലയാളികൾ മോണിക്കയെ ആഘോഷമാക്കുന്നത്. സൗബിൻ കിടിലം തന്നെയാണെങ്കിലും മോണിക്കയിൽ ചുവന്ന ഗൗൺ അണിഞ്ഞ് ‘മോണിക്ക’യായെത്തിയ പൂജയും കാണികളുടെ ഹൃദയം കവരുന്നുണ്ട്. പാട്ട് റിലീസ് ചെയ്ത് കുറഞ്ഞ ദിവസം കൊണ്ടുതന്നെ പത്ത് മില്യണിന് മുകളിൽ കാഴ്ചക്കാരെ നേടാൻ മോണിക്കക്ക് കഴിഞ്ഞു.
മോണിക്ക പാട്ടിന് ഇന്ട്രെസ്റ്റിങ് ആയൊരു ബാക്ക് സ്റ്റോറികൂടിയുണ്ട്. താര റാണിയായ മോണിക്ക ബെല്ലൂച്ചിക്കുള്ള ട്രിബ്യൂട്ട് ആണ് ഈ പാട്ട്. മോണിക്ക ബെല്ലൂച്ചിക്ക് കൂടുതൽ മുഖവുരയുടെ ആവശ്യമൊന്നും ഇല്ല. ഇറ്റാലിയൻ നടിയും മോഡലുമായ മോണിക്ക മോഡലിങ് രംഗത്ത് നിന്നാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്.
ദി മാട്രിക്സ്, ഇറവെർസിബിൾ, ദി അപാർട്മെന്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ മോണിക്ക അഭിനയിച്ചിട്ടുണ്ട്. എല്ലാ സ്റ്റീരിയോടൈപ്പുകളെയും തകർത്തുകൊണ്ട് തന്റെ 50ാം വയസിൽ അവർ ‘ബോണ്ട് ഗേൾ’ ആയത് സിനിമ പ്രേമികൾ അത്ര വേഗം മറക്കാനിടയില്ല.
ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിൽ മഗ്ദലേന മറിയാമായി എത്തിയതും നമ്മുടെ മോണിക്ക ബെല്ലൂച്ചിയാണ്. കൂടാതെ ഓസ്കർ നോമിനേഷൻ നേടിയ malèna എന്ന ചിത്രത്തിലെ നായിക കഥാപാത്രവും അവതരിപ്പിച്ചത് മോണിക്ക ആയിരുന്നു. ഒരുപാട് നിരൂപകപ്രശംസ നേടിയെടുത്ത ചിത്രം മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവക്കുള്ള ഓസ്‌കർ നാമനിർദേശമാണ് നേടിയത്.
2018ൽ ഫോർബ്സ് ഇറ്റലിയിലെ വിജയകരമായ 100 ഇറ്റാലിയൻ വനിതകളുടെ പട്ടികയിൽ അവരെ ഉൾപ്പെടുത്തി. ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാളായി മോണിക്ക ബെല്ലൂച്ചി അറിയപ്പെടുന്നുണ്ട്.