തിയേറ്റര്‍ റിലീസിന്റെ സമയത്ത് സമ്മിശ്ര പ്രതികരണം നേടുകയും ഒ.ടി.ടിയിലെത്തുമ്പോള്‍ ചര്‍ച്ചയാവുകയും ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കിയ ചിത്രം ജിയോ ഹോട്‌സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് അണിയിച്ചൊരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്.
ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ പല സീനുകളും ഡയലോഗുകളും ചര്‍ച്ചയാവുകയാണ്. അത്തരത്തിലൊന്നാണ് രണ്ടാം പകുതിയില്‍ മണികണ്ഠന്‍ പട്ടാമ്പിയുടെ കഥാപാത്രം നസ്‌ലെനോട് പറയുന്ന ഡയലോഗ്. നസ്‌ലെന്‍ അവതരിപ്പിച്ച വിനീത് മാധവന്‍ തന്റെ സിനിമയെ മോശമായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയാണ്.

മോളിവുഡ് ടൈംസ് Photo: Jio Hotstar
ഇതിന് മണികണ്ഠന്‍ പട്ടാമ്പി അവതരിപ്പിക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയുന്ന മറുപടി ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയാണ്. ബിസിനസ് രംഗത്തുള്ളവര്‍ സിനിമകള്‍ നിര്‍മിക്കാനിറങ്ങുമ്പോള്‍ അതില്‍ പലരും കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണെന്നാണ് ഡയലോഗ്. ടാക്‌സ് വെട്ടിക്കാനാണ് ഇങ്ങനെ സിനിമ ചെയ്യുന്നതെന്നും സിനിമയില്‍ പറയുന്നു.
ഈ സീനും ഡയലോഗും തമിഴ്, തെലുങ്ക് സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മലയാളത്തില്‍ ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്ന പ്രൊഡ്യൂസര്‍മാര്‍ ഉണ്ടോ എന്നറിയില്ലെന്നും തെലുങ്കില്‍ അത്തരം നിര്‍മാതാക്കളുണ്ടെന്നും പല പോസ്റ്റുകളും അഭിപ്രായപ്പെടുന്നു. പീപ്പിള്‍ മീഡിയ ഫാക്ടറി എന്ന പ്രൊഡക്ഷന്‍ ഹൗസിനെയാണ് പലരും മെന്‍ഷന്‍ ചെയ്യുന്നത്.

പ്രഭാസ് നായകനായ രാജാസാബിന്റെ നിര്‍മാതാക്കളാണ് പീപ്പിള്‍ മീഡിയ ഫാക്ടറി. 450 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 250 കോടി മാത്രമായിരുന്നു നേടിയത്. ആവശ്യമില്ലാതെ വി.എഫ്.എക്‌സും വലിയ സെറ്റും ഒരുക്കിയതോടെയാണ് ചിത്രത്തിന്റെ ബജറ്റ് ഉയര്‍ന്നത്. മോളിവുഡ് ടൈംസില്‍ പറയുന്നതുപോലെ കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍ സിനിമ ചെയ്യുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.
രാജാസാബ് മാത്രമല്ല, തെലുങ്കില്‍ ഒരുങ്ങുന്ന പല പാന്‍ ഇന്ത്യന്‍ സിനിമകളിലും ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ചിലര്‍ കമന്റ് പങ്കുവെക്കുന്നു. മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയ പേട്രിയറ്റും ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കാനാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
Mana movie ye naa @peoplemediafcy @maruthiofficial pic.twitter.com/ZXom3fzqni
— Sandeep (@Sandeep_081) July 6, 2026
Content Highlight: Money laundering dialogue in Mollywood Times discussing in social media
