മണി ഹീസ്റ്റ് തമിഴില്‍ കേള്‍ക്കാം, പക്ഷെ ടോക്കിയോ തിരുനെല്‍വേലിയാവില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ്; കിടിലന്‍ മറുപടി കൊടുത്ത് വിജയ് ഫാന്‍സ്
web stream
മണി ഹീസ്റ്റ് തമിഴില്‍ കേള്‍ക്കാം, പക്ഷെ ടോക്കിയോ തിരുനെല്‍വേലിയാവില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ്; കിടിലന്‍ മറുപടി കൊടുത്ത് വിജയ് ഫാന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th February 2021, 2:57 pm

ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നെറ്റ്ഫ്‌ളിക്‌സ് സീരിസാണ് മണി ഹീസ്റ്റ്. സ്പാനിഷ് സീരിസായ മണി ഹീസ്റ്റിന് ഇന്ത്യയിലും ആരാധകരേറെയായിരുന്നു. സീരിസിലെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം പ്രത്യേകം ഫാന്‍സ് തന്നെയുണ്ട്. ഇപ്പോള്‍ മണി ഹീസ്റ്റിനെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് ചെയ്ത ഒരു ട്വീറ്റും അതിന് ദക്ഷിണേന്ത്യന്‍ സിനിമാ പ്രേമികള്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

സ്പാനിഷ് സീരിസാണെങ്കിലും വിവിധ ഭാഷകളില്‍ ഓഡിയോയുമായാണ് നെറ്റ്ഫ്‌ളികിസില്‍ സീരിസെത്തിയത്. ഇംഗ്ലിഷിനും ഹിന്ദിക്കും പുറമെ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം സീരിസ് കേള്‍ക്കാനാകും. ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തിരുന്നു.

തമിഴിലും തെലുങ്കിലും മണി ഹീസ്റ്റ് ഓഡിയോ കേള്‍ക്കാം. പക്ഷെ, ടോക്കിയോ തിരുനെല്‍വേലിയല്ല, നയ്‌റോബി നെല്ലൂരുമല്ല, എന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ രസകരമായ ട്വീറ്റ്. ഈ ട്വീറ്റ് നിരവധി പേര്‍ ഏറ്റെടുത്തപ്പോള്‍ നടന്‍ വിജയ് യുടെ മാസ്റ്റര്‍ റഫറന്‍സുമായാണ് ചിലരെത്തിയത്.


മണി ഹീസ്റ്റിലെ പ്രൊഫസറെ മാസ്റ്ററില്‍ വിജയ്‌യുടെ കഥാപാത്രത്തെ വിളിക്കുന്ന വാത്തി എന്ന് ഞങ്ങളും വിളിക്കില്ലെന്നായിരുന്നു വിജയ് ഫാന്‍സ് മറുപടി കൊടുത്തത്. അതേസമയം ഞങ്ങളുടെ പ്രൊഫസറെ വാത്തി എന്ന് വിളിക്കേണ്ട കാര്യമില്ലെന്നുമാണ് സീരിസ് ഫാന്‍സ് ഇതിന് മറുപടി കൊടുത്തത്.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആദ്യ സീസണിനു ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്. സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു.

രണ്ടു സീസണുകളിലായി 15 സീസണുകളാണ് സ്പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്ളിക് ഇതേറ്റെടുത്തപ്പോള്‍ ഇത് 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്. പിന്നാലെയാണ് മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. മൂന്നും നാലും സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായി ഇറങ്ങി. ഇപ്പോള്‍ അവസാന ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Money Heist series in Tamil Netflix funny comment, and Vijay and Master fans reply