ന്യൂദല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. രാജിവെക്കാന്‍ ജഡ്ജി വിസമ്മതിച്ച സാഹചര്യത്തില്‍ ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ വിശദമാക്കി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയെന്നും വിവരം വന്നിരുന്നു.
ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും മാര്‍ച്ച് 14ന് പണം കണ്ടെടുത്തതായി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് വര്‍മയെ രാജിവെക്കാനോ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടക്കാനോ ഉള്ള ഓപ്ഷനുകളും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യശ്വന്ത് വര്‍മ രാജിവെക്കാന്‍ വിസമ്മതിച്ചത്.
നിലവില്‍ യശ്വന്ത് വര്‍മയുടെ പ്രതികരണത്തിന്റെ പകര്‍പ്പും ബന്ധപ്പെട്ട അധികാരികള്‍ക്ക് അന്വേഷണ സമിതി അയച്ചിട്ടുണ്ട്. അന്വേഷണ റിപ്പാര്‍ട്ട് പ്രകാരം ജസ്റ്റിസ് വര്‍മ ധിക്കാരം കാണിക്കുന്നുവെന്നും സ്ഥാനത്ത് നിന്നും പിന്മാറാന്‍ വിസമ്മതിക്കുന്നുവെന്നുമാണ് പറയുന്നത്.
വസതിയില്‍ നിന്നും നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തതോടെ സംഭവം വിവാദമാവുകയും തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മയെ സുപ്രീം കോടതി കൊളീജിയം അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. സ്ഥലം മാറ്റിയ യശ്വന്ത് വര്‍മയ്ക്ക് ഔദ്യോഗിക ചുമതലകള്‍ നല്‍കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ദല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയതായി നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകമ്മിറ്റിഅന്വേഷണം നടത്തവെയാണ് യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. പിന്നാലെ യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്കും മാറ്റിയിരുന്നു.
ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 14 ന് രാത്രി ഏകദേശം 11:30 ഓടെയാണ് ജസ്റ്റിസ് വര്‍മയുടെ വസതിയിലെ സ്റ്റോര്‍ റൂമില്‍ തീപിടുത്തമുണ്ടായത്. വീട്ടുജോലിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മയുടെ പേഴ്സണല്‍ സെക്രട്ടറിയാണ് തീപിടുത്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Money found in official residence; Judge rejects resignation, faces impeachment proceedings