ഹൊററിലും കൂടെ 100 കോടിയായാല്‍ കോളം തികഞ്ഞു, സകല ഴോണറുകളിലും 100 കോടിയടിച്ച് മോളിവുഡ്
Malayalam Cinema
ഹൊററിലും കൂടെ 100 കോടിയായാല്‍ കോളം തികഞ്ഞു, സകല ഴോണറുകളിലും 100 കോടിയടിച്ച് മോളിവുഡ്
അമര്‍നാഥ് എം.
Sunday, 19th April 2026, 9:00 am

മറ്റ് ഇന്‍ഡസ്ട്രികളില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ മാത്രം ഹൈയസ്റ്റ് ഗ്രോസറും ഇന്‍ഡസ്ട്രി ഹിറ്റുമെല്ലാമാകുമ്പോള്‍ മലയാളസിനിമ അതില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുകയാണ് പതിവ്. സൂപ്പര്‍താര സിനിമകള്‍ക്ക് പകരം ഗംഭീര കണ്ടന്റുള്ള സിനിമകളാണ് മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്.

മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം തെളിച്ച വഴിയിലൂടെ ബോക്‌സ് ഓഫീസില്‍ മലയാളസിനിമക്ക് സ്വപ്‌നം കാണാന്‍ കഴിയാത്ത പലതും ലഭിച്ചിരുന്നു. ആദ്യത്തെ 50, 100, കോടി സിനിമകളെല്ലാം മോളിവുഡിന് സമ്മാനിച്ചത് മോഹന്‍ലാലാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടാന്‍ മലയാളസിനിമക്ക് സാധിക്കുമെന്ന് തെളിയിച്ചതും മോഹന്‍ലാല്‍ തന്നെയാണ്.

എന്നാല്‍ മോഹന്‍ലാല്‍ സിനിമകളെ മറികടന്ന പല ഴോണറുകളിലുള്ള സിനിമകള്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. പുലിമുരുകന്‍ സ്വന്തമാക്കിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോഡ് തകര്‍ത്തത് 2018 എന്ന സര്‍വൈവല്‍ ത്രില്ലറായിരുന്നു. ഏഴ് വര്‍ഷത്തോളമായിരുന്നു പുലിമുരുകന്‍ ഇന്‍ഡസ്ട്രി ഹിറ്റായി തിളങ്ങിയത്.

പ്രേമലു, ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്‌സ് Photo: Theatrical Poster

 

 

മോഹന്‍ലാലിന് ശേഷം സോളോ ഹീറോയുടെ 100 കോടി എന്ന നേട്ടം സ്വന്തമാക്കിയത് നസ്‌ലെനാണ്. പ്രേമലു എന്ന റോം കോം ചിത്രത്തിലൂടെയാണ് നസ്‌ലെന്‍ കരിയറിലെ തന്റെ ആദ്യ 100 കോടി നേടിയത്. മലയാളികള്‍ക്ക് അറിയാവുന്ന കഥയായിരുന്നിട്ട് കൂടി ആടുജീവിതം എന്ന സര്‍വൈവല്‍ ഡ്രാമ 150 കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

സര്‍വൈവല്‍ ത്രില്ലറായ മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടിയിലേറെ നേടിയതും മറ്റ് ഇന്‍ഡസ്ട്രികളെ ഞെട്ടിച്ചു. എടുത്തുപറയാന്‍ ഒരു വമ്പന്‍ താരം പോലുമില്ലാതെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഹൈയസ്റ്റ് ഗ്രോസറായത്. ആക്ഷന്‍ ഫാന്റസി ഴോണറിലും 100 കോടി നേടാമെന്ന് എ.ആര്‍.എമ്മിലൂടെ ടൊവിനോ തെളിയിച്ചിട്ടുണ്ട്.

സര്‍വ്വം മായ, 2018 Photo: Theatrical Poster

അങ്ങേയറ്റം വയലന്‍സുള്ള ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മാര്‍ക്കോയും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ആക്ഷന്‍ കോമഡിയായ ആവേശം 150 കോടി നേടി സെന്‍സേഷനായതും മോളിവുഡിലാണ്. ഫീല്‍ ഗുഡ് സിനിമക്കും 100 കോടി നേടാമെന്ന് സര്‍വ്വം മായയിലൂടെ നിവിനും തെളിയിച്ചു. തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങള്‍ സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റും നേടി നിന്ന മോഹന്‍ലാലിനെ മാസങ്ങളുടെ വ്യത്യാസത്തില്‍ ഒരു ഫീമെയില്‍ ലീഡ് ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയതും മോളിവുഡിലാണ്.

ലോകഃ നേടിയ 300 കോടി കളക്ഷനും ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോഡും അത്ര പെട്ടെന്ന് തകര്‍ക്കാന്‍ കഴിയില്ലെന്ന് കരുതിയപ്പോഴാണ് ഒരുകൂട്ടം പുതുമുഖങ്ങള്‍ ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുന്നത്. ആദ്യഭാഗത്തിന് മേലെ നില്‍ക്കുന്ന രണ്ടാം ഭാഗവുമായി വാഴ 2 വന്‍ കുതിപ്പാണ് നടത്തുന്നത്. എല്ലാം ഒത്തുവന്നാല്‍ ചന്ദ്രയെ ഹാഷിറും ടീമും മലര്‍ത്തിയടിക്കുമെന്ന് ഉറപ്പാണ്.

വാഴ 2, ലോകഃ Photo: Cinejosh

സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിന് പ്രാധാന്യം നല്‍കുന്ന മോളിവുഡില്‍ ഇനി 100 കോടി നേടാന്‍ ബാക്കിയുള്ളത് ഹൊറര്‍ ഴോണര്‍ മാത്രമാണ്. ഈ വര്‍ഷം തന്നെ അതും ഉണ്ടാകുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Mollywood achieved 100 crores in every genre

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം