മൊജ്തബ ഖാംനഇ ഇറാന്റെ പുതിയ പരമോന്നത നേതാവ്; അന്തസിന്റെ പുതിയ യുഗമെന്ന് പെസസ്‌കിയാന്‍
Iran US Conflict
മൊജ്തബ ഖാംനഇ ഇറാന്റെ പുതിയ പരമോന്നത നേതാവ്; അന്തസിന്റെ പുതിയ യുഗമെന്ന് പെസസ്‌കിയാന്‍
അനിത സി
Monday, 9th March 2026, 6:38 am

ടെഹ്‌റാന്‍: രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇയെ ഇറാന്‍ തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച യു.എസ്-ഇസ്രഈല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മകനാണ് മൊജ്തബ.

‘വിദഗ്ധ അസംബ്ലി ഒരു നിര്‍ണായക വോട്ടിലൂടെ ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ പവിത്ര വ്യവസ്ഥയുടെ മൂന്നാമത്തെ നേതാവായി ആയത്തുല്ല സയ്യിദ് മൊജ്തബ ഹൊസൈനി ഖാംനഇയെ നിയമിച്ചു,’ ഇറാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മൊജ്തബ ഖാംനഇയുടെ നിയമനത്തെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ സ്വാഗതം ചെയ്തു. മൊജ്തബയുടെ നിയമനം രാജ്യത്തിന് അന്തസിന്റെയും ശക്തിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് പെസസ്‌കിയാന്‍ പറഞ്ഞു.

ദേശീയ ഐക്യം ഏകീകരിക്കാനാണ് ഈ തെരഞ്ഞെടുപ്പെന്നും ശത്രുക്കളുടെ ഗൂഢാലോചനകളെ പ്രതിരോധിക്കാനായി ശക്തമായ ഐക്യം ഇതിലൂടെ സംഭവിക്കുമെന്നും പെസസ്‌കിയാന്‍ പറഞ്ഞു.

ഇറാന്‍ സായുധ സേന, ഐ.ആര്‍.ജിസി, അലി ലാരിജാനി തുടങ്ങിയ ഇറാന്റെ ഉന്നത സംവിധാനങ്ങളും നേതാക്കളും തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തു.

അതേസമയം, ഇറാനിലെ ഖോം, ടെഹ്‌റാന്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ യു.എസ്- ഇസ്രഈല്‍ ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകളിലേക്കുള്ള ആക്രമണങ്ങളെ തുടര്‍ന്ന് വിഷപ്പുക പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ലെബനനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 83 കുട്ടികളുള്‍പ്പടെ 394 പേര്‍ കൊല്ലപ്പെട്ടു. തെക്ക് ഭാഗത്തെ പട്ടണങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് പ്രദേശ വാസികളെ കുടിയൊഴിപ്പിച്ചു.

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുകയാണ്. സൗദി അറേബ്യയിലെ അല്‍ഖര്‍ജിലെ ജനവാസ മേഖലയില്‍ പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ പ്രത്യാക്രമണത്തില്‍ യു.എസിനും ആള്‍നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയില്‍ വെച്ച് എട്ടാമത്തെ യു.എസ് സൈനികന്‍ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചു.

ഇസ്രഈലിലെ മൂന്ന് പ്രദേശങ്ങളില്‍ ഇന്റര്‍സെപ്റ്റര്‍ അവശിഷ്ടങ്ങള്‍ വീണതായി ഇസ്രഈലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഇസ്രഈലില്‍ ആക്രമണ പരമ്പര തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Mojtaba Khamenei is Iran’s new supreme leader; Pezeshkian calls it a new era of dignity

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.