ISL നിര്‍ത്തിവെക്കല്‍: എ.ഐ.എഫ്.എഫിന്റെ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബഗാന്‍
Football
ISL നിര്‍ത്തിവെക്കല്‍: എ.ഐ.എഫ്.എഫിന്റെ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th August 2025, 8:53 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) ക്ലബ്ബുകളുമായി നടത്തുന്ന ചര്‍ച്ചയില്‍ നിന്ന് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് മാഗസിനായ സ്‌പോര്‍ട്‌സ് സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എട്ട് ക്ലബ്ബുകളുടെ സി.ഇ.ഒമാരുമായി ഓഗസ്റ്റ് ഏഴിന് തീരുമാനിച്ചിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ബഗാന്‍ വിട്ടു നില്‍ക്കുന്നത്. ക്ലബ്ബുകള്‍ ഇന്ത്യയുടെ ഫുട്‌ബോളിന്റെ ഭാവിയെ കുറിച്ച് ആശങ്ക അറിയിച്ച് എ.ഐ.എഫ്.എഫിന് കത്തെഴുതിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ചര്‍ച്ചയ്ക്കായി തങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് മോഹന്‍ ബഗാന്‍ വൃത്തങ്ങള്‍ പറഞ്ഞതായി സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘സുപ്രീം കോടതിയുടെ വിധി വന്നതിനുശേഷം മാത്രമേ ഐ.എസ്എല്‍ പുനരാംഭിക്കുന്നതിന് പരിഹാരമുണ്ടാകൂ എന്ന് ക്ലബ്ബിന് അറിയാം. അത്തരമൊരു സാഹചര്യത്തില്‍ പരിഹാരമില്ലാതെ ചര്‍ച്ചകള്‍ നടത്തുന്നത് അര്‍ത്ഥശൂന്യമാണ്,’ മോഹന്‍ ബഗാന്‍ വൃത്തം പറഞ്ഞു.

അതേസമയം, മറ്റൊരു കൊല്‍ക്കത്ത ക്ലബായ ഈസ്റ്റ് ബംഗാള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചതായും ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഇന്ന് ഞങ്ങള്‍ക്ക് കത്ത് ലഭിച്ചു, പങ്കെടുക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അന്തിമ തീരുമാനം എടുക്കുന്നതിനായി ക്ലബ്ബിന്റെ നേതൃത്വവുമായി ഞങ്ങള്‍ ചര്‍ച്ചയിലാണ്,’ ദേബബ്രത സര്‍ക്കാര്‍ പറഞ്ഞു.

ജൂലൈ 11ന് ഐ.എസ്.എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള എഗ്രിമെന്റ് പുതുക്കുന്ന കാര്യം തീരുമാനമാകാത്തതിനാലായിരുന്നു ടൂര്‍ണമെന്റ് മാറ്റി വെച്ചത്.

ഫുട്‌ബോള്‍ സ്പോര്‍ട്‌സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍) അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലായിരുന്നു ഈ സീസണ്‍ നീട്ടിയത്. ലീഗ് മാറ്റിവെച്ചത് ക്ലബുകളെയും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെയും എഫ്.എസ്.ഡി.എല്‍ രേഖാമൂലം അറിയിച്ചിരുന്നു.

ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചതിന് പിന്നാലെ പല ക്ലബ്ബുകളും കടുത്ത നടപടികള്‍ എടുത്തിരുന്നു. ഒഡീഷ എഫ്.സി എല്ലാ താരങ്ങളുമായും കോച്ചിങ് സ്റ്റാഫുമായുമുള്ള കരാര്‍ റദ്ദാക്കിയതിനായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബെംഗളൂരു എഫ്.സി താരങ്ങളുടെ വേതനം വെട്ടി കുറക്കുകയും ചെയ്തിരുന്നു.

Content Highlight: Mohun Bagan unlikely to attend meeting with AIFF  discussing ISL  uncertainty