ഫ്രാഞ്ചൈസി പ്രതീക്ഷിച്ച രീതിയില്‍ അവന്‍ റണ്‍സ് നേടുന്നില്ല: മോഹിത് ശര്‍മ
Cricket
ഫ്രാഞ്ചൈസി പ്രതീക്ഷിച്ച രീതിയില്‍ അവന്‍ റണ്‍സ് നേടുന്നില്ല: മോഹിത് ശര്‍മ
സുദേവ് എ
Saturday, 25th April 2026, 3:24 pm

ദല്‍ഹി ക്യാപിറ്റല്‍സിന്റെ ശ്രീലങ്കന്‍ താരം പാത്തും നിസങ്കയുടെ ഈ ഐ.പി.എല്‍ സീസണിലെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ. സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്നും 136 റണ്‍സ് മാത്രമാണ് താരം നേടിയിട്ടുള്ളത്.

ദല്‍ഹി ക്യാപിറ്റല്‍സ് പ്രതീക്ഷിക്കുന്ന രീതിയില്‍ നിസങ്ക റണ്‍സ് നേടുന്നില്ലെന്നാണ് മോഹിത് പറഞ്ഞത്. 30 പന്തുകളില്‍ നിന്നും 70-75 റണ്‍സ് നേടാന്‍ ലങ്കന്‍ താരത്തിന് സാധിക്കുമെന്നും മോഹിത് ശര്‍മ വ്യക്തമാക്കി. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പാത്തും നിസങ്കക്ക് ഒരു അവസരം കൂടി നല്‍കണമെന്നാണ് എന്റെ ഹൃദയം പറയുന്നത്. സ്വാധീനമുണ്ടാക്കാന്‍ ശക്തിയുള്ള താരമാണ് അദ്ദേഹം. ഫ്രാഞ്ചൈസി അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തില്‍ റണ്‍സ് നേടിയിട്ടില്ല. 30 പന്തുകളില്‍ നിന്നും 70-75 റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിക്കും,’ മോഹിത് ശര്‍മ പറഞ്ഞു.

നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അക്‌സര്‍ പട്ടേലും സംഘവും. ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് വീതം ജയവും തോല്‍വിയുമായി ആറ് പോയിന്റാണ് ദല്‍ഹിക്കുള്ളത്.

അതേസമയം പരിക്കേറ്റ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മെയ് ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ താരം ദല്‍ഹിക്കായി കളത്തിലിറങ്ങുമെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഷസ് പരമ്പരക്ക് ശേഷം നടന്ന ബിഗ് ബാഷ് ലീഗിലായിരുന്നു സ്റ്റാര്‍ക്ക് അവസാനമായി കളിച്ചിരുന്നത്. ബിഗ് ബാഷ് ലീഗില്‍ കളിക്കുമ്പോഴാണ് സ്റ്റാര്‍ക്കിന് പരിക്കേറ്റത്. സിഡ്‌നി സിക്സേഴ്സ് താരമായ സ്റ്റാര്‍ക്കിന് പെര്‍ത്ത് സ്‌കോച്ചേഴ്സിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് പരിക്കേറ്റത്. ഇപ്പോള്‍ താരത്തിന്റെ മടങ്ങിവരവ് ടീമിന് കൂടുതല്‍ കരുത്തുപകരുമെന്നുറപ്പാണ്.

Content Highlight: Mohit sharma talks about pathum nisanka performance in ipl 2026

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.