വില്ലനെ വെട്ടിത്തുണ്ടമാക്കി ഒഴുക്കിയ 'മോഹിനിയാട്ടം' വിജയിക്കുന്ന കാലത്ത്, 90-കളുടെ ധാര്‍മ്മികതയിലേക്ക് കയറിനില്‍ക്കുന്ന 'ദൃശ്യം 3'; കുറിപ്പ്
Movie Day
വില്ലനെ വെട്ടിത്തുണ്ടമാക്കി ഒഴുക്കിയ 'മോഹിനിയാട്ടം' വിജയിക്കുന്ന കാലത്ത്, 90-കളുടെ ധാര്‍മ്മികതയിലേക്ക് കയറിനില്‍ക്കുന്ന 'ദൃശ്യം 3'; കുറിപ്പ്
അക്ഷര
Monday, 22nd June 2026, 11:47 am

ദൃശ്യം പോലെ മലയാളസിനിമയില്‍ പ്രേക്ഷകരെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ക്രൈം ത്രില്ലര്‍ ഇല്ലെന്ന് പറയാം. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 1 ന്റെ വിജയത്തിന് കാരണം കേവലം സസ്‌പെന്‍സ് മാത്രമായിരുന്നില്ല, മറിച്ച് പ്രേക്ഷകനെ നായകനൊപ്പം നിര്‍ത്തിയ തിരക്കഥയുടെ മാന്ത്രികത കൂടിയായിരുന്നു.

തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം എന്ന ധാര്‍മികവും നീതിപൂര്‍വവുമായ ഒരു പൊസിഷന്‍ എടുക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം ജോര്‍ജ് കുട്ടിക്കും കുടുംബത്തിനുമൊപ്പം അവരെ നിലയുറപ്പിച്ചു നിര്‍ത്താന്‍ സ്‌ക്രിപ്റ്റിന് കഴിഞ്ഞിരുന്നു.

അപ്പുറത്ത് മകന്‍ നഷ്ടപ്പെട്ട ഒരു അമ്മ ഉണ്ടായിട്ടും അവരെ അധികാരത്തിന്റെ പ്രിവിലേജ് നല്‍കി വേട്ടക്കാരന്റെ പരിവേഷത്തിലേക്ക് മാറ്റുകയും കൊല ചെയ്ത നായകന്റെ കുടുംബം ഇര എന്ന നിലയില്‍ പ്രേക്ഷകരുടെ അനുകമ്പക്ക് പാത്രമാവുകയും ചെയ്യുന്ന തരത്തിലാണ് സ്റ്റേജ് സെറ്റ് ചെയ്തത്. മറ്റൊരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജോര്‍ജ്ജ് കുട്ടിക്ക് സംഭവിച്ചത് തങ്ങള്‍ക്കും സംഭവിക്കാവുന്നതേ ഉള്ളൂ എന്ന് പ്രേക്ഷകര്‍ കരുതുന്നതരത്തിലാണ് ആദ്യ ദൃശ്യം എഴുതിയത്.

എന്നാല്‍ ദൃശ്യം 3 യിലേക്കെത്തുമ്പോള്‍ സിനിമയുടെ ക്ലൈമാക്‌സ് 90കളിലെ ധാര്‍മികതയിലേക്ക് കയറിനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സറ്റയറുകളിലൂടെ രാഷ്ട്രീയനിലപാടുകള്‍ പറഞ്ഞ് ശ്രദ്ധേയനായ മിനേഷ് രാമനുണ്ണി.

ദൃശ്യം 3 Photo: Aashivad Cinemas

ഒപ്പം ഇതേ പ്ലോട്ട് മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങളില്‍ സംഭവിച്ചിരുന്നെങ്കില്‍ അതിന്റെ ക്ലൈമാക്‌സുകള്‍ എങ്ങനെ മാറുമായിരുന്നു എന്നും അദ്ദേഹം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

70-കളിലെ ‘നന്മ നിറഞ്ഞ’ ക്ലൈമാക്‌സ്

ഈ കഥ എഴുപതുകളിലാണ് സംഭവിക്കുന്നതെങ്കില്‍ ക്ലൈമാക്‌സ് തികച്ചും വ്യത്യസ്തമാകുമായിരുന്നു. കുടുംബനാഥനായ പ്രേം നസീര്‍, ഐ.ജി പ്രഭാകറിനെ (മധു) വിളിച്ച് മകളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. വിലങ്ങുവെച്ച് പൊലീസ് ജീപ്പിലേക്ക് കയറുന്ന മകളെക്കണ്ട് അമ്മ (ഷീല/ശാരദ) നെഞ്ചുരുകി കരയുന്നു. ഒടുവില്‍ വിദൂരതയിലേക്ക് മറയുന്ന പൊലീസ് ജീപ്പിനെ നോക്കിനില്‍ക്കുന്ന കുടുംബത്തിന്റെ ക്ലോസ് അപ്പില്‍ സിനിമ അവസാനിക്കുന്നു. അന്നത്തെ സിനിമാ ധാര്‍മ്മികത അതായിരുന്നു.

80-90 കളിലെ ‘ത്യാഗിയായ’ അച്ഛന്‍

മമ്മൂട്ടി-മോഹന്‍ലാല്‍ യുഗം പൂത്തുലഞ്ഞ 1985-2000 കാലഘട്ടത്തിലായിരുന്നെങ്കില്‍, കൊല ചെയ്ത മകള്‍ക്ക് പകരം കുറ്റം ഏറ്റെടുത്ത് അച്ഛന്‍ (മമ്മൂട്ടി/മോഹന്‍ലാല്‍) ഐ.ജി ഗീത പ്രഭാകറിനും ഭര്‍ത്താവിനും മുന്നില്‍ മാപ്പ് പറഞ്ഞു കീഴടങ്ങാനാണ് കൂടുതല്‍ സാധ്യത.

എന്നാല്‍ ആ തൊണ്ണൂറുകളുടെ ധാര്‍മികതയിലേക്ക് കയറി നില്‍ക്കുകയാണ് വാസ്തവത്തില്‍ ദൃശ്യം മൂന്നില്‍ ജിത്തു ചെയ്തതെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

2013 ല്‍ കുറ്റബോധത്തോടെയാണ് ജോര്‍ജ്ജ് കുട്ടിയും കുടുംബവും അബദ്ധത്തില്‍ ചെയ്തുപോയ ക്രൈമിന് ശേഷം ജീവിക്കുന്നത്. അതേ ധര്‍മ്മ സങ്കടം പ്രേക്ഷകനും ഉണ്ടായിരുന്നു.

മോഹിനിയാട്ടം Photo: Think Music India

എന്നാല്‍ 2026 ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തില്‍ വില്ലന്‍ പരിവേഷമുള്ള ആളെ തട്ടി വെട്ടി തുണ്ടമാക്കി ഒരു തെളിവും ഇല്ലാതെ ഒഴുക്കി വിട്ട ഒരു ഫാമിലിയുടെ കഥയും വലിയ വിജയമായിട്ടുണ്ട്.

തൊണ്ണൂറുകളില്‍ ഇറങ്ങിയ സമാന പ്ലോട്ടുള്ള ചന്ദാമാമ പരാജയപ്പെട്ടപ്പോള്‍ നന്നായി പ്രസന്റ് ചെയ്‌തൊരു ഡാര്‍ക് ഹ്യൂമര്‍ സ്വീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് മടിയുണ്ടായില്ല എന്നത് പ്രേക്ഷകരുടെ അഭിരുചിയിലെ മാറ്റം എന്ന് വേണമെങ്കില്‍ വിലയിരുത്താം.

കാലത്തിനനുസരിച്ച് പ്രേക്ഷകന്റെ അഭിരുചിയും സിനിമകളുടെ ധാര്‍മ്മിക ബോധവും മാറിക്കൊണ്ടേയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എഴുപതുകളിലെ കണ്ണീര്‍ ക്ലൈമാക്‌സുകളില്‍ നിന്നും ഇന്നത്തെ ഡാര്‍ക്ക് കോമഡികളിലേക്കുള്ള മലയാള സിനിമയുടെ ഈ കൂടുമാറ്റം.

Content Highlight: ‘Mohiniyattam’—a Tale of a Family Chopping Up the Villain Becomes a Hit, ‘Drishyam 3’ Steps Into 90s Morality