തനിച്ചിരിക്കുമ്പോൾ പലപ്പോഴും ഞാൻ തിരിച്ചുനടക്കാറുണ്ട്, നമ്മളെല്ലാം സാധാരണ മനുഷ്യരല്ലേ...: മോഹൻലാൽ
Movie Day
തനിച്ചിരിക്കുമ്പോൾ പലപ്പോഴും ഞാൻ തിരിച്ചുനടക്കാറുണ്ട്, നമ്മളെല്ലാം സാധാരണ മനുഷ്യരല്ലേ...: മോഹൻലാൽ
നന്ദന എം.സി
Monday, 13th April 2026, 8:00 pm

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. എന്നും ലളിതമായി ജീവിക്കാനും സന്തോഷിക്കാനും ഇഷ്ടപെടുന്ന താരം താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ്.

ഓരോ കഥാപാത്രങ്ങളും വസ്ത്രങ്ങൾ പോലെയാണെന്നും ആവശ്യം കഴിഞ്ഞാൽ അവ തനിയെ അഴിഞ്ഞു പോകുമെന്നും മോഹൻലാൽ പറയുന്നു. കൂടാതെ തന്നെ പോലെ ഒരു അഭിനേതാവിന് ഒരു കഥാപാത്രം മാത്രം ചുമന്ന് നടക്കാൻ സാധിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ, Photo: Mohanlal/ Facebook

‘കഥാപാത്രങ്ങൾ വസ്ത്രങ്ങൾ പോലെയാണ്. ആവശ്യം കഴിഞ്ഞാൽ അവ തനിയേ അഴിഞ്ഞുപോവുന്നു. ഒരു കഥാപാത്രത്തെ മാത്രം ചുമന്നു കൊണ്ട് നടക്കാൻ എന്നെപ്പോലെ ഒരഭിനേതാവിന് സാധിക്കില്ല.

‘തീർച്ചയായും കൂടുതൽ ഇഷ്ടമുള്ളവയും അഭിനയിക്കുമ്പോൾ അപാരമായ അനുഭൂതി നൽകിയതുമായ കഥാപാത്രങ്ങളുണ്ട്. അതെല്ലാം എൻ്റെ ഓർമകളുടെ ഭാഗമാണ്.

തനിച്ചിരിക്കുമ്പോൾ പലപ്പോഴും അവയിലേക്ക് ഞാൻ തിരിച്ചുനടക്കാറുണ്ട്. അപ്പോൾ ആ കാലം, ഒപ്പമുണ്ടായിരുന്നവർ എല്ലാം ഓർമയിലെത്തും. അത് സ്വകാര്യമായ ഒരു സുഖമാണ്, ദുഃഖവും.

അദ്വൈതം എന്നത് ഏറ്റവും ഉന്നതമായ ഒരവസ്ഥയാണ്. അചുംബിതമായ ബോധോദയത്തിൽ നിന്ന് മാത്രമേ അതുണ്ടാവൂ. ഋഷികൾക്ക് മാത്രം സാധ്യമാവുന്നവ. നമ്മളെല്ലാം സാധാരണ മനുഷ്യരല്ലേ,’ മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ, Photo: Mohanlal/ Facebook

കൂടാതെ പഴയ സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ തനിക്ക് സങ്കടം വരാറുണ്ടെന്നും താരം ഓർത്തെടുത്ത് പറഞ്ഞു. ‘പഴയ സീനുകൾ കാണുമ്പോൾ സങ്കടം വരാറുണ്ട്. അതിൽ അഭിനയിച്ച പലരും ഇന്ന് ഇല്ല. എന്നാൽ സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ. നാളെ ഞാനും മറയും എന്ന യാഥാർത്ഥ്യം അറിയാം,’ മോഹൻലാൽ പറഞ്ഞു.

ജീവിതത്തിലെ ഈ തിരിച്ചറിവുകൾക്കിടയിലും താൻ ഒരു സാധാരണ മനുഷ്യനാണെന്നും വികാരങ്ങളെ മറയ്ക്കാനാവില്ലെന്നും മോഹൻലാൽ പറഞ്ഞു

കൂടാതെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ അച്ഛനും അമ്മയും സഹോദരനും ഇന്ന് ഈ ലോകത്തില്ലാത്തതിന്റെ സങ്കടം തനിക്കുണ്ടെന്നും കണ്ണടച്ചാൽ ഉള്ളിൽ എന്നും അവരുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Content Highlight: Mohanlal talks about his simple life

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.