അച്ഛനും അമ്മയും സഹോദരനും വിടപറഞ്ഞതില്‍ ദുഃഖമുണ്ട്, പക്ഷേ അവര്‍ എന്നെ വിട്ടുപോയെന്ന് തോന്നാറില്ല: മോഹന്‍ലാല്‍
Malayalam Cinema
അച്ഛനും അമ്മയും സഹോദരനും വിടപറഞ്ഞതില്‍ ദുഃഖമുണ്ട്, പക്ഷേ അവര്‍ എന്നെ വിട്ടുപോയെന്ന് തോന്നാറില്ല: മോഹന്‍ലാല്‍
അമര്‍നാഥ് എം.
Friday, 17th April 2026, 10:59 pm

നാലര പതിറ്റാണ്ടിലേറെയായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാളക്കര ഇത്രയേറെ സ്‌നേഹിച്ച മറ്റൊരു നടനില്ലെന്ന് തന്നെ പറയാം. പകര്‍ന്നാടാന്‍ വേഷങ്ങളും സ്വന്തമാക്കാന്‍ പുരസ്‌കാരവും ബാക്കിയില്ലാത്ത നടനാണ് മോഹന്‍ലാല്‍. ഓരോ വര്‍ഷം കഴിയുന്തോറും മോഹന്‍ലാല്‍ സിനിമാപ്രേമികളെ വിസ്മയിപ്പിക്കുകയാണ്.

കഴിഞ്ഞവര്‍ഷം താരത്തിന്റെ അമ്മ അന്തരിച്ചിരുന്നു. അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരുടെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യവും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എല്ലാവരും വിട്ടുപോയപ്പോള്‍ ഒറ്റക്കായിപ്പോയ കുഞ്ഞിനെപ്പോലെ തോന്നുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അവരെല്ലാം വിടപറഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. ഒറ്റക്കായതായി തോന്നിയിട്ടില്ല. കാരണം, അത് പ്രപഞ്ചനിയമമാണ്. ഇത് എന്റെ മാത്രം അനുഭവമല്ല. എത്രയോ പേര്‍ ഇതിനെക്കാള്‍ ദുഃഖകരമായ അവസ്ഥയില്‍ ജീവിക്കുന്നു. അച്ഛനും അമ്മയും സഹോദരനുമൊന്നും എന്നെ വിട്ടുപോയതായി തോന്നിയിട്ടില്ല. കണ്ണടച്ച് കിടക്കുമ്പോള്‍ അവര്‍ ഉള്ളിലുണ്ട്. തൊടാനോ കാണാനോ പറ്റുന്നില്ലെന്ന് മാത്രം,’ മോഹന്‍ലാല്‍ പറഞ്ഞു.

പഴയ സിനിമകളില്‍ ഒപ്പമഭിനയിച്ചവരില്‍ പലരും കൂടെയില്ലാത്തതില്‍ വിഷമിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ അതില്‍ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു. അത്തരം യാഥാര്‍ത്ഥ്യമറിഞ്ഞുകൊണ്ട് തന്നെയാണ് താന്‍ മുന്നോട്ടുപോകുന്നതെന്നും ഒരുപാട് ഫിലോസഫികളുണ്ടായിട്ടും മനുഷ്യന്‍ കരയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവവിശ്വാസത്തെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു താരം.

‘ദൈവത്തെ എനിക്ക് ഭയമില്ല. പ്രേമമാണ്. സപ്രേമരൂപാ എന്നാണ് പറയാറുള്ളത്. ഭയപ്പെടുന്ന ഒരാളെ പ്രണയിക്കാന്‍ സാധിക്കില്ലല്ലോ. ദൈവത്തിനുമപ്പുറം ധ്യാനത്തിലേക്ക് ഞാന്‍ പോകാറുണ്ട്. ദൈവവിശ്വാസം നമ്മുടെ ബോധവികാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. പ്രാര്‍ത്ഥനയല്ല, ധ്യാനമാണ് ഇപ്പോള്‍ എന്നില്‍ കൂടുതലായി ഉള്ളത്.

വ്യക്തിയും സമൂഹവും പുഴപോലെയാണ്. അങ്ങനെ ആകണമെന്നാണ് എന്റെ അഭിപ്രായം. ഒഴുകിക്കൊണ്ടേയിരിക്കുന്നതാണ് അതിന്റെ ഭംഗി. എനിക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഞാനല്ല, എനിക്ക് ചുറ്റുമുള്ളവരാണ് വിലയിരുത്തേണ്ടത്. അവരത് ചെയ്യുന്നുണ്ടാകും. ഞാനത് അന്വേഷിക്കാറില്ല. എപ്പോഴും ഒഴുകുകയും ഒടുവില്‍ കടലില്‍ പതിച്ച് നിശബ്ദമാവുകയും ചെയ്യുന്ന പുഴയാകാനാണ് എനിക്കിഷ്ടം,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal talks about his Mother and Father

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം