നീ പോ മോനേ ദിനേശാ വെറുമൊരു ഡയലോഗല്ല, അത് പലതിനോടുമുള്ള നമ്മുടെ മറുപടിയാണ്: മോഹന്‍ലാല്‍
Malayalam Cinema
നീ പോ മോനേ ദിനേശാ വെറുമൊരു ഡയലോഗല്ല, അത് പലതിനോടുമുള്ള നമ്മുടെ മറുപടിയാണ്: മോഹന്‍ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 12th March 2026, 2:26 pm

സിനിമാ മേഖലയിലെ സമഗ്ര സംഭാവനക്ക് രാജ്യം ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിച്ച വ്യക്തിത്വമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് നാലുപതിറ്റാണ്ടിലധികമായി പലവിധ നായകവേഷങ്ങളിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറാനും മോഹന്‍ലാലിന് സാധിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു യുവതാരത്തിനും എത്തിതൊടാന്‍ സാധിക്കാത്ത വിധത്തില്‍ ബോക്‌സ് ഓഫീസില്‍ സ്വാധീനമുള്ള താരം മലയാള സിനിമയുടെ ഒറ്റക്കൊമ്പനാണ്.

നരസിംഹം. Photo: Tv Guide

തുടര്‍ച്ചയായ പരാജയങ്ങളില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്ന താരം കഴിഞ്ഞ വര്‍ഷം വമ്പന്‍ ഹിറ്റുകളിലൂടെയാണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഒടിയന്‍ എന്ന ചിത്രത്തിനുശേഷം താടി വടിക്കാത്തതിന്റെ പേരിലും താരത്തിനെതിരെ ബോഡി ഷെയ്മിങ് അടക്കം പല പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനായി താടി വടിച്ച് മീശ പിരിച്ച് വിന്റേജ് ലുക്കിലെത്തിയ താരം വലിയ ഓളമാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്.

ഇപ്പോഴിതാ മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തെ സിനിമയലെ ചില ഡയലോഗുകള്‍ പോലെ നേരിടേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാലിന്റെ സിനിമയിലെ ഒരു സംഭാഷണം പുതിയ തലമുറക്ക് പറഞ്ഞുനല്‍കാമോയെന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു താരത്തിന്റെ പ്രതികരണം.

അത്തരത്തില്‍ ഒരു ഡയലോഗ് ‘നീ പോ മോനെ ദിനേശാ’ ആയിരിക്കുമെന്നും അത് ജീവിതത്തോട് നേരിട്ട് സംസാരിക്കുന്നത് പോലെയാണെന്നും താരം പറയുന്നു. അത് വളരെ കാഷ്വലായിട്ടുള്ള ആറ്റിറ്റിയൂഡാണ്. എന്തെല്ലാം വന്നെല്ലാം ഞാന്‍ നേരിട്ടുകൊള്ളാം ഞാന്‍ അതിന് ഉത്തരവാദിത്തപ്പെട്ടവനാണ് എന്ന ഐഡിയയാണ് സംഭാഷണം നല്‍കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍. Photo: Dool News

കാലങ്ങള്‍ പിന്നിട്ടിട്ടും തലമുറ വ്യത്യാസമില്ലാതെ ആളുകള്‍ പലപ്പോഴും ഏറ്റുപറയുന്ന ഡയലോഗാണിത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് കേരളത്തിലെ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു നരസിംഹം. 2000 ല്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്റെ സൂപ്പര്‍സ്റ്റാര്‍ പട്ടത്തെ അരക്കിട്ടുറപ്പിച്ച ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. തിലകന്‍, എന്‍.എഫ് വര്‍ഗീസ്, ഐശ്വര്യ ഭാസ്‌കരന്‍, ജഗതി ശ്രീകുമാര്‍, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Mohanlal talks about his Iconic movie dialogue nee po mone dinesha

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.