മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കാണിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് അദ്ദേഹം.
ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ ഓർമകളിൽ തങ്ങി നിൽക്കുന്നവയാണ്. ഇപ്പോളിതാ താരത്തിന്റെ ചില വാക്കുകൾ അടങ്ങിയ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഏറെ ആവേശത്തോടെയാണ് ആരാധകർ അദ്ദേഹത്തിന്റെ ആ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്.
‘ഇന്നത്തെ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ അവരുടെതായ രീതിയിൽ എല്ലാം എൻജോയ് ചെയ്യുന്നു. നമ്മളുടെ സമയത്ത് നമുക്ക് പലതിനും സാഹചര്യം ഒത്ത് കിട്ടിയിട്ടുണ്ട്. പണ്ട് എനിക്ക് പൂക്കൾ പറിക്കാൻ പറ്റി അല്ലെങ്കിൽ മരത്തിൽ കയറാൻ പറ്റി. പക്ഷെ ഇതൊന്നും ഈ കുട്ടികൾ അനുഭവിക്കുന്നില്ല എന്നൊന്നും പറയുന്നതിൽ കാര്യമില്ല.
അവരോട് നമ്മളുടെ പഴയ കാലമാണ് നല്ലതെന്നും നമ്മൾ അനുഭവിച്ച ഒരു ബാല്യമാണ് ഏറ്റവും നല്ലതെന്നും ഒന്നും പറയാൻ പറ്റില്ല. കാര്യം നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള മുഴുവൻ ധാരണയും മാറി.
ജീവിതം ഇപ്പോൾ വളരെ വേഗത്തിലാണ്. അപ്പോൾ നമ്മൾ അനുഭവിച്ച കാര്യങ്ങൾ എല്ലാം എന്റെ കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ ഞാൻ ശ്രമിക്കാറില്ല. അവരുടേതായ രീതികളിലുള്ള എൻജോയ്മെന്റ് അവരും ആഘോഷിക്കട്ടെ,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.
പലരും മോഹൻലാൽ അപ്ഡേറ്റഡ് അല്ല എന്ന് പറയുന്നത് കാണാറുണ്ട്. പക്ഷെ ഇവർ ഉദ്ദേശിക്കുന്ന ഒരു ‘സോ കോൾഡ്’ അപ്ഡേഷൻ അല്ലാതെ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോളം അപ്ഡേറ്റഡ് ആയ മറ്റൊരാൾ ഇല്ലെന്ന് പറയേണ്ടി വരും എന്നാണ് ആരാധകർ പറയുന്നത്.
പലരും അവരുടെ ചെറുപ്പകാലം വെച്ച് ഇന്നത്തെ തലമുറയെ അളന്ന് തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ മോഹൻലാൽ അതിനൊന്നും ശ്രമിക്കാറില്ല എന്നുള്ളത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് വ്യക്തമാണെന്നും ആരാധകർ പറയുന്നു. ഇന്നത്തെ കാലത്തിനൊപ്പം ജീവിച്ച് ചിന്തിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണ് അദ്ദേഹം. അതിന് തെളിവാണ് ഇപ്പോഴും താരത്തിന്റെ വേഷങ്ങളും സാന്നിധ്യവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.