ബോക്‌സ് ഓഫീസിലെ സിനിമകളല്ല, ഇത്തവണത്തെ വിഷു തൂക്കിയത് മോഹന്‍ലാലാണ്. ഒരു സിനിമ പോലും ചെയ്യാതെ, ക്യാമറക്ക് മുന്നിലെത്താതെ വെറും ഡയലോഗുകള്‍ കൊണ്ടാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. കഴിഞ്ഞദിവസം വിഷു ആഘോഷവുമായി ബന്ധപ്പെട്ട് പല ടെലിവിഷന്‍ ചാനലുകളും മോഹന്‍ലാലിനെ ഫോണ്‍ ചെയ്തിരുന്നു.
വിഷു ആശംസകള്‍ അറിയിച്ചതിനൊപ്പം മോഹന്‍ലാല്‍ പറഞ്ഞ ഓരോ ഡയലോഗുകളും ആഘോഷമായി മാറി. 24 ന്യൂസ്, ഏഷ്യാനെറ്റ്, ബിഗ് ടി.വി തുടങ്ങി പല ചാനലുകളും മോഹന്‍ലാലിനെ ബന്ധപ്പെട്ടിരുന്നു. ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായി അമേരിക്കയിലാണ് മോഹന്‍ലാല്‍ ഇത്തവണ വിഷു ആഘോഷിച്ചത്.
തന്നെ ഫോണ്‍ വിളിച്ച എല്ലാ ചാനലുകാരോടും രസകരമായാണ് മോഹന്‍ലാല്‍ സംസാരിച്ചത്. വരാനിരിക്കുന്ന റിലീസുകളില്‍ ദൃശ്യം 3, പേട്രിയറ്റ് എന്നീ ചിത്രങ്ങളില്‍ എന്താണ് പ്രതീക്ഷയെന്ന് ഏഷ്യാനെറ്റ് ചാനല്‍ ചോദിച്ചപ്പോള്‍ ഒരു പ്രതീക്ഷയുമില്ലെന്ന് എടുത്തടിച്ചുകൊണ്ട് പറയുകയായിരുന്നു താരം. സിനിമ പൂര്‍ത്തിയാക്കിയെന്നും ഇനിയെല്ലാം ചെയ്യേണ്ടത് പ്രേക്ഷകരാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
24 ന്യൂസില്‍ കുഞ്ചാക്കോ ബോബന്‍ അതിഥിയായി എത്തിയപ്പോള്‍ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ മോഹന്‍ലാലിനെ ഫോണ്‍ ചെയ്തിരുന്നു. മോഹന്‍ലാലാണെന്ന് വെളിപ്പെടുത്താതെ ശ്രീകണ്ഠന്‍ നായര്‍ കുറച്ചുനേരം സംസാരിച്ചു. ഒടുവില്‍ താന്‍ സംസാരിക്കുന്നത് മോഹന്‍ലാലിനോടാണെന്നറിഞ്ഞപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെറുതായി ഞെട്ടിയിരുന്നു. ‘ഞാന്‍ ഒരു പാവം മോഹന്‍ലാലാണ്’ എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ശ്രദ്ധിക്കപ്പെട്ടു.
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തെ ആശംസിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ദുരൂഹ സാഹചര്യത്തിലല്ല, നല്ലൊരു സാഹചര്യത്തിലാണ് ചാക്കോച്ചനെ കാണാന്‍ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഈ വീഡിയോയും വൈറലാകുന്നുണ്ട്.
വാഴ 2ന്റെ സംവിധായകന്‍ സവിന്‍ സായും ഛായാഗ്രഹകന്‍ അഖില്‍ ലൈലാസുരനും ബിഗ് ടി.വിയുടെ അതിഥികളായി എത്തിയപ്പോള്‍ മോഹന്‍ലാലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വാഴ 2 തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുന്നതില്‍ മോഹന്‍ലാല്‍ സന്തോഷവാനാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ചാനലുകളിലും മോഹന്‍ലാല്‍ തന്നെയായിരുന്നു താരം.
വാഴ 2ലെ അജിന്‍ പറയുന്ന ‘വെട്ടിക്കേറ്റി ഒഴിക്ക് ഒരു തൊണ്ണൂറ്’ എന്ന ക്യാപ്ഷനോടെയാണ് പലരും മോഹന്‍ലാലിന്റെ വീഡിയോകള്‍ പങ്കുവെക്കുന്നത്. ഒപ്പം ഹലോ എന്ന ചിത്രത്തില്‍ ജഗതിയുടെ കൂടെയിരുന്നു മദ്യപിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടും പുതിയ ഡയലോഗുകളും മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോയും വൈറലാകുന്നുണ്ട്.
സാഗര്‍ കോട്ടപ്പുറം, അഡ്വക്കേറ്റ് ശിവരാമന്‍ എന്നീ കഥാപാത്രങ്ങളെ ഓര്‍മിപിക്കുന്ന തരത്തിലായിരുന്നു മോഹന്‍ലാലിന്റെ ഡയലോഗുകളെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇന്‍സ്റ്റഗ്രാം മുഴുവന്‍ മോഹന്‍ലാലിന്റെ ഡയലോഗുകളാണ് ട്രെന്‍ഡ്. ഈ വിഷു ഏട്ടന്‍ തൂക്കിയെന്നാണ് കമന്റുകള്‍.