മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റ് കാലങ്ങളായി നടക്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി അത് മറ്റൊരു തലത്തിലേക്കുയര്‍ന്നിരുന്നു. പലപ്പോഴും വ്യക്തിയധിക്ഷേപത്തിലേക്ക് വരെ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാണുന്നത് വ്യത്യസ്തമായൊരു ഫാന്‍ ഫൈറ്റാണ്.
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച ഒ.ടി.ടിയിലെത്തിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗുകള്‍ റീഡബ്ബ് ചെയ്താണ് ഒ.ടി.ടിയിലെത്തിച്ചത്. തിയേറ്റര്‍ റിലീസ് സമയത്ത് സിങ്ക് സൗണ്ടിലായിരുന്നു മമ്മൂട്ടിയുടെ ഡയലോഗുകള്‍. ഇത് മാറ്റി റീ ഡബ്ബ് ചെയ്തതിനെ പലരും വിമര്‍ശിച്ചു. മോഹന്‍ലാലിന്റെ ആരാധകരുടെ ഐ.ഡികളായിരുന്നു കൂടുതലായും വിമര്‍ശിച്ചത്.
ഇതിന് പകരമെന്നോണം മമ്മൂട്ടിയുടെ ആരാധകര്‍ മോഹന്‍ലാലിന്റെ പഴയ ഇന്റര്‍വ്യൂ കുത്തിപ്പൊക്കിയിരിക്കുകയാണ്. മോഹന്‍ലാലിന് പകരം മറ്റൊരാള്‍ ഡബ്ബ് ചെയ്ത പഴയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡറിന്റെ തെലുങ്ക് പതിപ്പായ യുദ്ധഭൂമിയുടെ പ്രൊമോഷന്‍ ഇന്റര്‍വ്യൂ ആണിത്. ടി.വി 9 എന്ന ചാനലില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
അഭിമുഖത്തിലുടനീളം മോഹന്‍ലാല്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. എന്നാല്‍ ശബ്ദം നല്‍കിയതാകട്ടെ മറ്റൊരാളും. എട്ട് വര്‍ഷം മുമ്പുള്ള അഭിമുഖം വീണ്ടും വൈറലായിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ മുഴുവന്‍ മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്ത മോഹന്‍ലാലിനെയും അഞ്ച് മിനിറ്റ് മാത്രമുള്ള കഥാപാത്രത്തിന് റീ ഡബ്ബ് ചെയ്ത മമ്മൂട്ടിയെയും ഒരു തട്ടിലാക്കിയിരിക്കുകയാണ് ആരാധകക്കൂട്ടം.
എന്നാല്‍ ഡബ്ബിങ് മാത്രമല്ല. വാള്‍ട്ടര്‍ എന്ന കഥാപാത്രം സിനിമയുമായി ഒട്ടും മാച്ചാകുന്നില്ല എന്നും വിമര്‍ശനങ്ങളുണ്ട്. സിനിമയുടെ തുടക്കം മുതല്‍ വലി ബില്‍ഡപ്പ് നല്‍കിയ ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രം സിനിമയുടെ അവസാനമാണ് പ്രത്യക്ഷപ്പെടുന്നത്. ഗംഭീര ഇന്‍ട്രോയായിരുന്നെങ്കിലും മമ്മൂട്ടിയുടെ അവശത കഥാപാത്രത്തില്‍ നിഴലിച്ചിരുന്നു.
അസുഖം മാറിയ ശേഷം മമ്മൂട്ടി ആദ്യമായി ഭാഗമായ ചിത്രമായിരുന്നു ചത്താ പച്ച. റെസ്‌ലിങ്ങിനെ ആസ്പദമാക്കിയുള്ള സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം കസേരയിലിരുന്ന് അനിയന്‍കുട്ടന്മാര്‍ക്ക് നിര്‍ദേശം കൊടുത്തതും പലര്‍ക്കും ദഹിക്കാതെ പോയി. വരുംദിവസങ്ങളില്‍ ഈ ഫാന്‍ ഫൈറ്റ് പുതിയ തലത്തിലേക്ക് പോകുമോ എന്നാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്.
Content Highlight: Mohanlal’s old interview viral after Mammootty getting criticism in Chatha Pacha movie