മീശ പിരിച്ച് മാസ് കാണിക്കുന്ന കാര്യത്തില്‍ മോഹന്‍ലാലിനോളം പോന്ന താരം സൗത്ത് ഇന്ത്യയില്‍ വേറെ ഇല്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലാണ് ഇന്ന് സോഷ്യല്‍ മീഡിയക്ക് തീയിട്ടിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതതയിലുള്ള ആശീര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്നായിരുന്നു.
മോളിവുഡിന് ഒരുപിടി മികച്ച ഹിറ്റുകള്‍ സമ്മാനിച്ച ആശീര്‍വാദിന്റെ 26ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ഓഫീസ് തുറന്നത്. ഇന്‍ഡസ്ട്രിയിലെ പലരും ഓഫീസ് ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇതിന്റെ വീഡിയോ ആശീര്‍വാദ് സിനിമാസ് അവരുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടപ്പോഴാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് എല്ലാവരെയും ഞെട്ടിച്ചത്.
കുറ്റിത്താടിക്കൊപ്പം പിരിച്ചുവെച്ച മീശയുമായി കസേരയിലിരിക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ വളരെ വേഗത്തില്‍ വൈറലായി. ഏത് സിനിമക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ഈ ഗെറ്റപ്പ് സ്വീകരിച്ചതെന്നാണ് പ്രധാന ചര്‍ച്ച. പൃഥ്വിരാജിനൊപ്പമുള്ള ഖലീഫയിലാകും ഈ ഗെറ്റപ്പെന്ന് പലരും അനുമാനിക്കുന്നുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞദിവസം മോഹന്‍ലാല്‍ ജോയിന്‍ ചെയ്തിരുന്നു.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന അമീര്‍ എന്ന കഥാപാത്രത്തിന്റെ മുത്തശ്ശനായാണ് മോഹന്‍ലാല്‍ ഖലീഫയില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഖലീഫയുടെ ആദ്യ ഭാഗത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ ലീഡ് റോള്‍ ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
എമ്പുരാന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിന് ആരാധകര്‍ക്കിടയില്‍ വന്‍ ഹൈപ്പാണ്. ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ലണ്ടന്‍, യു.എ.ഇ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് ഖലീഫ പുരോഗമിക്കുന്നത്. പോക്കിരിരാജക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രമാണിത്.
2026 ഓണം റിലീസായി തിയേറ്ററുകളിലെത്താനാണ് ഖലീഫ പദ്ധതിയിടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിം, നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്, വിസ്മയ മോഹന്‍ലാലിന്റെ തുടക്കം എന്നിവയും ഓണം റിലീസാണ് ലക്ഷ്യം വെക്കുന്നത്. രജിനികാന്തിന്റെ ജയിലര്‍ 2 ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ബോക്‌സ് ഓഫീസ് ഇതുവരെ കാണാത്ത ക്ലാഷാണ് ഓണത്തിന് നടക്കാന്‍ പോകുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Mohanlal’s new look viral in social media