ഒന്നല്ല രണ്ടല്ല, അഞ്ച് തവണയാണ് അവസാന റൗണ്ടില്‍ മോഹന്‍ലാലിനെ ദേശീയ അവാര്‍ഡില്‍ തഴഞ്ഞത്, വൈറലായി ഫൈനലിലെത്തിയവരുടെ ലിസ്റ്റ്
Malayalam Cinema
ഒന്നല്ല രണ്ടല്ല, അഞ്ച് തവണയാണ് അവസാന റൗണ്ടില്‍ മോഹന്‍ലാലിനെ ദേശീയ അവാര്‍ഡില്‍ തഴഞ്ഞത്, വൈറലായി ഫൈനലിലെത്തിയവരുടെ ലിസ്റ്റ്
അമര്‍നാഥ് എം.
Saturday, 14th February 2026, 11:36 am

ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും അവരവരുടേതായ അഭിനയശൈലികൊണ്ട് സിനിമാലോകത്ത് പലപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നടനായും താരമായും ഇരുവരും പതിറ്റാണ്ടുകളോളം മലയാളം ഇന്‍ഡസ്ട്രിയെ താങ്ങിനിര്‍ത്തുകയാണ്. കരിയറില്‍ മമ്മൂട്ടിയും മോഹന്‍ലാലും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളില്ല.

പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ മമ്മൂട്ടിയാണ് മോഹന്‍ലാലിനെക്കാള്‍ ഒരുപടി മുകളില്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണയും സംസ്ഥാന അവാര്‍ഡ് ഏഴ് വട്ടവുമാണ് മമ്മൂട്ടി സ്വന്തമാക്കിയത്. മോഹന്‍ലാല്‍ രണ്ട് തവണ ദേശീയതലത്തില്‍ മികച്ച നടനായപ്പോള്‍ ആറ് വട്ടം സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അവസാനറൗണ്ടില്‍ പലപ്പോഴായി മോഹന്‍ലാലിനെ തഴഞ്ഞിട്ടുണ്ടെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. 1988 മുതല്‍ക്ക് ഇങ്ങോട്ടുള്ള ഫൈനല്‍ റൗണ്ട് ലിസ്റ്റ് വൈറലായത് ആരാധകരുടെ ഈ വാദത്തിന് ബലം നല്‍കുന്നു. അഞ്ച് തവണയാണ് മോഹന്‍ലാലിനെ അവസാന റൗണ്ടില്‍ തഴഞ്ഞത്. 1989ലാണ് മോഹന്‍ലാല്‍ ആദ്യമായി ദേശീയ അവാര്‍ഡിന്റെ ഫൈനല്‍ റൗണ്ടിലെത്തിയത്.

കിരീടം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പരിഗണിച്ചത്. എന്നാല്‍ അപ്പുറത്ത് സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളിലെ പ്രകടനം മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. രണ്ട് വര്‍ഷത്തിന് ശേഷം ഭരതത്തിലൂടെ മോഹന്‍ലാല്‍ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് തന്റെ ഷെല്‍ഫിലെത്തിച്ചു.

1992ല്‍ സദയത്തിലെ പെര്‍ഫോമന്‍സുമായി ഫൈനല്‍ റൗണ്ടില്‍ വീണ്ടുമെത്തിയെങ്കിലും മിഥുന്‍ ചക്രവര്‍ത്തിയോട് മോഹന്‍ലാല്‍ പരാജയപ്പെട്ടു. 1995ല്‍ കാലപാനിയിലെ പ്രകടനവുമായി ഫൈനല്‍ റൗണ്ടില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. എന്നാല്‍ ആ വര്‍ഷം മികച്ച നടനായത് രജത് കപൂറായിരുന്നു. നാല് വര്‍ഷത്തിന് ശേഷം വാനപ്രസ്ഥവുമായി ഫൈനല്‍ റൗണ്ടിലെത്തുകയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2000ന് ശേഷം മൂന്ന് തവണ മോഹന്‍ലാലിന്റെ പേര് അവസാനവട്ടം ഉയര്‍ന്നുകേട്ടിരുന്നു. 2005ല്‍ തന്മാത്രയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ആ വര്‍ഷം അമിതാഭ് ബച്ചനെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. 2007ല്‍ പരദേശിയിലൂടെ മികച്ച നടനുള്ള അവാര്‍ഡ് വീണ്ടും നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ കാഞ്ചീവരത്തിലെ പ്രകടനത്തിലൂടെ പ്രകാശ് രാജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഫൈനല്‍ റൗണ്ടിലെത്തിയത്.

 

ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച 2016ലെ പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അക്ഷയ് കുമാറിനെയായിരുന്നു. ആ വര്‍ഷം ജൂറിയുടെ പ്രത്യേക പരാമര്‍ശം മോഹന്‍ലാലിന് ലഭിച്ചു. 1989ലും മോഹന്‍ലാലിന് ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. ദേശീയ അവാര്‍ഡ് വേദിയില്‍ ഏറ്റവുമധികം തവണ തഴയപ്പെട്ട നടന്‍ മോഹന്‍ലാലാണെന്ന് ആരാധകര്‍ അവകാശപ്പെടുകയാണ്.

Content Highlight: Mohanlal’s name in old National film Award final list viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം