ആ പിഷ്‌ക്യൂ.... ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി ഗില്ലി ബാലയുടെ കാട്ടിലെ കോമാളിത്തരങ്ങള്‍
Malayalam Cinema
ആ പിഷ്‌ക്യൂ.... ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി ഗില്ലി ബാലയുടെ കാട്ടിലെ കോമാളിത്തരങ്ങള്‍
അമര്‍നാഥ് എം.
Friday, 16th January 2026, 3:24 pm

ദിലീപിന്റെ യഥാര്‍ത്ഥ തിരിച്ചുവരവാകുമെന്ന് ആരാധകര്‍ നെഞ്ചും വിരിച്ച് നിന്ന് അവകാശപ്പെട്ട ചിത്രമായിരുന്നു ഭ ഭ ബ. ദിലീപിനൊപ്പം മലയാളത്തിന്റെ മോഹന്‍ലാല്‍ അതിഥിവേഷം ചെയ്യുന്നതും ഭ ഭ ബയുടെ ഹൈപ്പ് ഇരട്ടിയാക്കി. എന്നാല്‍ ബോക്‌സ് ഓഫീസില്‍ യാതൊരു ചലനവുമുണ്ടാക്കാതെ പോയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

സീ ഫൈവിലൂടെ സ്ട്രീം ചെയ്യുന്ന ഭ ഭ ബയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. കുറച്ചുകാലമായി വലിയ ഇരകളെയൊന്നും കിട്ടാതിരിക്കുന്ന ട്രോളന്മാര്‍ക്ക് ചാകരയാണ് ഭ ഭ ബയുടെ ഒ.ടി.ടി റിലീസിലൂടെ ലഭിച്ചിരിക്കുന്നത്. അതിഥിവേഷത്തിലെത്തിയ മോഹന്‍ലാല്‍ അവതരിപ്പിച്ച ഗില്ലി ബാല എന്ന കഥാപാത്രം ഇനി മീം ലോകം ഭരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

രണ്ട് സീനില്‍ മാത്രമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ രണ്ട് കൊല്ലത്തേക്കുള്ള മീമുകള്‍ ഈ സീനുകളിലൂടെ ലഭിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് ഫൈറ്റില്‍ മോഹന്‍ലാലിന്റെ സെക്കന്‍ഡ് ഇന്‍ട്രോ ട്രോള്‍ ലോകത്ത് ഒരു കലക്ക് കലക്കുകയാണ്. മോഹന്‍ലാലിന്റെ ഓരോ ഷോട്ടും ട്രോളിനുള്ള വകയാണ്. ഈ ഷോട്ടിനെല്ലാം നല്‍കുന്ന ക്യാപ്ഷന്‍ ചിരിയുണര്‍ത്തുന്നുണ്ട്.

മാസ് കാണിക്കാനായി രണ്ട് തോക്കെടുത്ത് വെടിവെക്കുന്ന സീനില്‍ ‘പിഷ്‌ക്യൂ’, ബോംബെറിയുന്ന ഷോട്ടില്‍ ‘എറിഞ്ഞിട്രാ അവനെ’, ഗ്രനേഡിന്റെ പിന്‍ കടിച്ചുപിടിച്ച് നടക്കുന്ന ഷോട്ടിന് ‘മാനസ മൈനേ വരൂ’, ആര്‍ത്ത് ചിരിക്കുന്ന ഷോട്ടില്‍ ‘ഇന്നേക്ക് ഒരു പുടി’ എന്നിങ്ങനെയാണ് ക്യാപ്ഷനുകള്‍. ബാറോസിന് ശേഷം മോഹന്‍ലാലിന്റെ പ്ലെയിന്‍ മീമുകളുടെ കലവറയായി ഭ ഭ ബ മാറിയിരിക്കുകയാണ്.

കാട്ടിലെ കോമാളിത്തരങ്ങള്‍ എന്നാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ക്ക് പലരും നല്‍കിയിരിക്കുന്ന കമന്റുകള്‍. മോഹന്‍ലാലിന്റെ ഗസ്റ്റ് റോള്‍ ഇല്ലായിരുന്നെങ്കിലും ഭ ഭ ബ ഭൂലോക പരാജയമായി മാറിയേനെയെന്നും കമന്റുകളുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം എടുത്തുകാണിക്കാന്‍ നോക്കി പരാജയപ്പെട്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

മോഹന്‍ലാലിന്റെ സിഗ്നേച്ചര്‍ ഐറ്റങ്ങളായ മുണ്ട് മടക്കിക്കുത്തല്‍, മീശപിരി തുടങ്ങിയ കാര്യങ്ങളാണ് ഭ ഭ ബയില്‍ കാണിച്ചതെന്നും എന്നാല്‍ അതൊന്നും ഒരു ഇംപാക്ടുമുണ്ടാക്കിയില്ലെന്നും അഭിപ്രായമുണ്ട്. മികച്ച നടനാണെന്ന് വീണ്ടും തെളിയിച്ച മോഹന്‍ലാല്‍ എന്തിനാണ് ഈ സിനിമയില്‍ തലവെച്ചതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയിലാണ് ഭ ഭ ബയെ പലരും ഉള്‍പ്പെടുത്തിയത്.

Content Highlight: Mohanlal’s expressions in Bha Bha Ba became meme material after OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം