സ്പൂഫെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ഐക്കോണിക് ഇമോഷണല്‍ സീനിനെ കൊന്നു കൊലവിളിച്ചു, ദശരഥത്തെയും വെറുതേവിടാതെ ഭ ഭ ബ
Malayalam Cinema
സ്പൂഫെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ഐക്കോണിക് ഇമോഷണല്‍ സീനിനെ കൊന്നു കൊലവിളിച്ചു, ദശരഥത്തെയും വെറുതേവിടാതെ ഭ ഭ ബ
അമര്‍നാഥ് എം.
Sunday, 18th January 2026, 11:29 am

ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ഭ ഭ ബയെ നിലത്ത് നിര്‍ത്താതെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞവര്‍ഷം ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രം പ്രേക്ഷകരെ പാടെ നിരാശരാക്കി. ദിലീപ് നായകനായെത്തിയ ചിത്രം അസഹനീയ അനുഭവമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്പൂഫ് ഴോണറിലൊരുങ്ങിയ ഭ ഭ ബ ഒരിടത്തുപോലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്നില്ല.

ഹൈപ്പ് ഉയര്‍ത്താന്‍ വേണ്ടി അണിയറപ്രവര്‍ത്തകര്‍ കൊണ്ടുവന്ന മോഹന്‍ലാലിന്റെ അതിഥിവേഷവും ട്രോള്‍ മെറ്റീരിയലായി മാറി. ഗില്ലി ബാല എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം വേഷമാണെന്ന് ഒരേസ്വരത്തില്‍ സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. ചുമ്മാ മുണ്ട് മടക്കിക്കുത്താനും മീശ പിരിച്ച് കാണിക്കാനും വേണ്ടി മാത്രമാണ് മോഹന്‍ലാലിനെ കൊണ്ടുവന്നതെന്ന് പറഞ്ഞാലും തെറ്റില്ല.

ഭ ഭ ബയില്‍ മോഹന്‍ലാല്‍ Photo: Abh Jith/ Facebook

മോഹന്‍ലാല്‍ എഴുതിയ കത്ത് ദിലീപ് വായിക്കുന്ന രംഗവും വിമര്‍ശിക്കപ്പെടുകയാണ്. ഇവിടുത്തെ തന്റെ റോള്‍ അവസാനിച്ചെന്നും ഇനിയുള്ള കാലം തന്റെ സാമ്രാജ്യം നോക്കണമെന്ന് ദിലീപിന്റെ കഥാപാത്രത്തോട് ഗില്ലി ബാല പറയുന്നുണ്ട്. ഫോര്‍ത്ത് വാള്‍ ബ്രേക്കിങ് പോലെയാണ് ഈ സീന്‍ ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ മോശം പ്രകടനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സീന്‍.

കോമഡിക്ക് വേണ്ടി കോമഡി ചെയ്യുന്ന തരത്തിലായിരുന്നു ഈ സീനില്‍ മോഹന്‍ലാല്‍ പെര്‍ഫോം ചെയ്തത്. സീനിന്റെ അവസാനം മോഹന്‍ലാല്‍ ദിലീപിന്റെ തോളില്‍ കൈവെക്കുന്ന ഷോട്ട് എടുത്തുപറയേണ്ട ഒന്നാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായ ദശരഥത്തിന്റെ ക്ലൈമാക്‌സിലെ സീന്‍ വികലമായി അവതരിപ്പിച്ചിരിക്കുകയാണ് ഭ ഭ ബയില്‍.

വിറച്ച കൈകളുമായി മോഹന്‍ലാല്‍ ദിലീപിന്റെ തോളില്‍ തൊടുന്ന സീന്‍ കാണുമ്പോള്‍ സംവിധായകനോട് ദേഷ്യമാണ് തോന്നുന്നത്. ഫാന്‍ബോയ് എന്ന് പറഞ്ഞ് മലയാളത്തിന്റെ മഹാനടനെക്കൊണ്ട് ഇത്തരമൊരു കോമാളിത്തരം ചെയ്യിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് എങ്ങനെ തോന്നിയെന്ന് ചിന്തിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. മോഹന്‍ലാലിനെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി ഒരുക്കിയ രംഗങ്ങളെല്ലാം ഒരുതരത്തിലും എന്‍ഗേജാക്കുന്നില്ല.

നിര്‍മാതാവായ ഗോകുലം ഗോപാലന്‍ മോഹന്‍ലാലിനെക്കൊണ്ട് മീശ പിരിപ്പിക്കുന്നതും മുണ്ട് മടക്കി കുത്തിക്കുന്നതുമെല്ലാം യാതൊരു ഇമോഷനും സമ്മാനിച്ചിട്ടില്ല. ഈ സീനിലെല്ലാം സംവിധായകന്‍ ഉപയോഗിച്ച ക്യാമറ ആംഗിള്‍ പോലും അരോചകമായിരുന്നു. സിനിമക്ക് ഹൈപ്പ് കയറ്റാന്‍ വേണ്ടി മലയാളത്തിന്റെ മഹാനടനെക്കൊണ്ട് ഒരു ഗുണവുമില്ലാത്ത വേഷം ചെയ്യിച്ചെന്ന് സംശയമില്ലാതെ പറായാനാകും.

സ്പൂഫ് ഴോണറില്‍ മറ്റ് ഭാഷകളിലിറങ്ങിയ സിനിമകളെല്ലാം മലയാളികള്‍ ആസ്വദിച്ച് കണ്ടിട്ടുണ്ട്. ആ സിനിമകളെല്ലാം ഴോണറിനോട് നീതി പുലര്‍ത്തുന്നവയായിരുന്നു. അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി, മിര്‍ച്ചി ശിവയുടെ തമിഴ് പടം ഫ്രാഞ്ചൈസി എന്നിവ അതിനുദാഹരണമാണ്. എന്നാല്‍ ഈ സിനിമകളുടെ ഏഴയലത്ത് ഭ ഭ ബ എത്തിയിട്ടില്ല. സ്പൂഫ് എന്ന ഴോണറിനോട് ഒട്ടും നീതിപുലര്‍ത്താത്ത ചിത്രമെന്നേ ഭ ഭ ബയെ വിശേഷിപ്പിക്കാനാകുള്ളൂ.

Content Highlight: Mohanlal’s emotional scene in Dasartham imitated in Bha Bha Ba getting trolls

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം