മലയാളത്തിലെ ബോക്സ് ഓഫീസ് പവറിന്റെ അവസാന വാക്കാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടിലധികമായി ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം ഇന്ന് മലയാളത്തിലെ മറ്റൊരു നടനും പകരം വെക്കാന്‍ സാധിക്കാത്ത സ്റ്റാര്‍ വാല്യൂവിന് ഉടമയാണ്. എമ്പുരാനും തുടരുമും ദൃശ്യം 3യും, ലൂസിഫറും പുലിമുരുകനും അടക്കം മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും താരത്തിന്റെ പേരിലാണ്. ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കാനും പോസിറ്റീവ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഫൈനല്‍ കളക്ഷന്‍ നേടാനും താരത്തിനുള്ള കെല്‍പ്പ് പ്രശംസനീയമാണ്.

മോഹന്‍ലാല്‍. Photo: X.com

ഇപ്പോഴിതാ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഓപ്പറേഷന്‍ ഗംഗയുടെ സെറ്റില്‍ നിന്നുമുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായി 1997ല്‍ പുറത്തിറങ്ങിയ വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിലെ ഒക്കേല ഒക്കേല എന്ന ഗാനത്തിന് ലോകപ്രശസ്തരായ ഗെറ്റോ കിഡ്‌സിനൊപ്പം താരം ചുവട് വെക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഉഗാണ്ടയിലെ കാംപാലയിലുള്ള കത്വെ ചേരികളില്‍ നിന്ന് ഉയന്നുവരികയും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരാകുകയും ചെയ്ത കുട്ടികളുടെ നൃത്തക്കൂട്ടായ്മയാണ് ഗെറ്റോ കിഡ്‌സ്. 2026 ഫിഫ ലോകകപ്പില്‍ ഗായിക ഷക്കിറയ്‌ക്കൊപ്പം ഇവര്‍ വേദി പങ്കിടുകയും ചെയ്തിരുന്നു. കുട്ടികള്‍ക്കൊപ്പം ഒക്കേല ഗാനത്തിന് നൃത്തം ചെയ്ത മോഹന്‍ലാല്‍ വര്‍ണപകിട്ടിലെ ഗാനരംഗം കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞയാഴ്ച വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ എന്‍ട്രിയ്ക്ക് ഒക്കേല ഗാനമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഗാനമില്ലാത്തതും താരത്തിന് വേണ്ടത്ര സ്‌പേസ് ഇല്ലാത്തതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ജയിലര്‍ 2വില്‍ കിട്ടാത്ത വൈബ് പുതിയ വീഡിയോയിലൂടെ കണ്ടെത്തുകയാണ് ആരാധകര്‍.

Content Highlight: Mohanlal’s Dance video with Ghetto Kids goes viral on social media