ബ്രോ ഡാഡിയില്‍ പാട്ടുപാടി മോഹന്‍ലാലും പൃഥ്വിയും; കാത്തിരിപ്പില്‍ ആരാധകര്‍
Movie Day
ബ്രോ ഡാഡിയില്‍ പാട്ടുപാടി മോഹന്‍ലാലും പൃഥ്വിയും; കാത്തിരിപ്പില്‍ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th December 2021, 12:52 pm

അച്ഛനും മകനുമായി മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ബ്രോ ഡാഡിയിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലൂസിഫറിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.

സിനിമയ്ക്ക് വേണ്ടി പൃഥ്വിയും മോഹന്‍ലാലും ഒന്നിച്ച് ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നതാണ് ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത.

നേരത്തെയും നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലും പൃഥ്വിരാജും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വി പാടുന്നതും തന്റെ ചിത്രത്തില്‍ മോഹന്‍ലാലിനെ കൊണ്ട് പാടിക്കുന്നതും ആദ്യമാണ്.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡ എന്ന ചിത്രത്തിനുവേണ്ടിയാണ് മോഹന്‍ലാല്‍ ഏറ്റവും ഒടുവിലായി പാടിയത്. ലാലിന്റെ പുതിയ ഗാനത്തിനായി കാത്തിരിപ്പിലാണ് ആരാധകരും.

ദീപക് ദേവിന്റെ സംഗീതത്തിലൊരുങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍വെച്ചായിരുന്നു ഗാനം റെക്കോര്‍ഡ് ചെയ്തത്.

കടുവയുടെ ലൊക്കേഷനില്‍നിന്ന് പൃഥ്വിയും മോണ്‍സ്റ്ററിന്റെ ലൊക്കേഷനില്‍നിന്ന് ലാലും രാവിലെതന്നെ സ്റ്റുഡിയോയിലെത്തി. ദീപക് ദേവ് തന്നെയായിരുന്നു ഇരുവരെയും പാട്ട് പഠിപ്പിച്ചതും.

രണ്ട് മണിക്കൂര്‍കൊണ്ട് പാട്ടിന്റെ റിക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് സംഗീതം നല്‍കിയതും ദീപക് ദേവ് തന്നെയായിരുന്നു. ചിത്രത്തില്‍ ജ്യോത്സന പാടിയ ഗാനം വന്‍ ഹിറ്റാവുകയും ചെയ്തിരുന്നു.

ലാല്‍-പൃഥ്വി കൂട്ടുകെട്ടില്‍ വരുന്ന ഗാനം ഏറ്റവും മികച്ചതാവുമെന്നതില്‍ സംശയമില്ലെന്നും ലാല്‍-പൃഥ്വി-ദീപക് ദേവ് കോംമ്പോയില്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mohanlal prithviraj Song Bro Daddy