ഇന്ത്യന്‍ സിനിമയുടെ കുലപതി; ദിലീപ് കുമാറിന് അനുശോചനവുമായി മോഹന്‍ലാല്‍
Movie Day
ഇന്ത്യന്‍ സിനിമയുടെ കുലപതി; ദിലീപ് കുമാറിന് അനുശോചനവുമായി മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th July 2021, 12:01 pm

മുംബൈ: അന്തരിച്ച നടന്‍ ദിലീപ് കുമാറിന് അനുശോചനവുമായി മോഹന്‍ലാല്‍. ദിലീപ് കുമാര്‍ ഇന്ത്യന്‍ സിനിമയുടെ കുലപതിയായിരുന്നു എന്നാണ് അനുശോചന സന്ദേശത്തില്‍ മോഹന്‍ലാല്‍ എഴുതിയത്.

‘ഇന്ത്യന്‍ സിനിമയുടെ കുലപതിയായിരുന്നു ദിലീപ് കുമാര്‍ ജി. അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഇതിഹാസത്തിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ,’ മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

ബുധനാഴ്ച രാവിലെയാണ് ദിലീപ് കുമാര്‍ അന്തരിച്ചത്. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി മുംബൈയിലെ പി.ഡി. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 98 വയസായിരുന്നു.

ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1944 ലാണ് ദിലീപ് കുമാര്‍ സിനിമയിലെത്തുന്നത്. ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബോളിവുഡിന്റെ ദുരന്തനായകന്‍ എന്ന പേരില്‍ പ്രശസ്തനാണ് ഇദ്ദേഹം.

കില ആണ് അവസാനചിത്രം. ദാദസാഹിബ് ഫാല്‍കെ അവാര്‍ഡ്, പദ്മ വിഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്.

ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടനും അദ്ദേഹമാണ്.1922 ഡിസംബര്‍ 11 നാണ് കുമാര്‍ മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ജനിച്ചത്. സൈറ ബാനുവാണ് ദിലീപ് കുമാറിന്റെ ഭാര്യ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Mohanlal offers condolences to actor Dileep Kumar