അപ്പോ എഡിറ്റിങ് പഠിച്ചിട്ട് വിമര്‍ശിക്കണമെന്ന് പറഞ്ഞതോ? ; മമ്മൂട്ടിക്കെതിരായ വിമര്‍ശനത്തില്‍ മോഹന്‍ലാലിന്റെ പഴയ പ്രസ്താവനകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
Movie Day
അപ്പോ എഡിറ്റിങ് പഠിച്ചിട്ട് വിമര്‍ശിക്കണമെന്ന് പറഞ്ഞതോ? ; മമ്മൂട്ടിക്കെതിരായ വിമര്‍ശനത്തില്‍ മോഹന്‍ലാലിന്റെ പഴയ പ്രസ്താവനകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
ആര്യ. പി
Tuesday, 27th January 2026, 3:04 pm

മലയാള സിനിമയിലെ അതികായരായ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ സിനിമകളുടെ പരാജയങ്ങളെയും വിജയങ്ങളെയും എങ്ങനെ സമീപിക്കുന്നു എന്നതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

‘ചത്താ പച്ച’ എന്ന സിനിമയുടെ സക്‌സസ് ഇവന്റില്‍ മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. താന്‍ സംവിധായകന്‍ പറയുന്നത് മാത്രമാണ് ചെയ്തതെന്നും, സിനിമ നല്ലതായാലും ചീത്തയായാലും തനിക്ക് അതില്‍ ഉത്തരവാദിത്തമില്ലെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

സിനിമ ഹിറ്റായെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രത്തിന് വിചാരിച്ചത്ര പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാകാം അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ ‘മലൈക്കോട്ടൈ വാലിബന്റെ’ പരാജയത്തിന് ശേഷം മോഹന്‍ലാല്‍ സ്വീകരിച്ച നിലപാട് ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മോഹന്‍ലാല്‍ Photo: Galatta Plus, /Screen Grab

സിനിമയുടെ കഥ കയ്യില്‍ നിന്ന് വഴുതിപ്പോയതാകാമെന്നും കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയതാകാമെന്നുമാണ് ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതെന്നും തന്റെ ഏറ്റവും വലിയ പരാജയമായിട്ടും അണിയറപ്രവര്‍ത്തകരുടെ തലയില്‍ കുറ്റം കെട്ടിവെക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നത് ശ്രദ്ധേയമാണെന്നുമായിരുന്നു കുറിപ്പ് ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ മോഹന്‍ലാലിനെ പിന്തുണച്ചു കൊണ്ടുള്ള ഈ കുറിപ്പിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. മോഹന്‍ലാല്‍ മുമ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഒരു വിഭാഗം പ്രേക്ഷകര്‍ ഇതിനെ എതിര്‍ക്കുന്നത്.

‘എഡിറ്റിങ് അറിയാത്തവരാണ് എഡിറ്റിങ്ങിനെ കുറിച്ച് സംസാരിക്കുന്നത്’ എന്നും ‘എഡിറ്റിങ് പഠിച്ചിട്ട് വേണം റിവ്യൂ ചെയ്യാന്‍’ എന്നും മോഹന്‍ലാല്‍ പറഞ്ഞത് തങ്ങള്‍ മറന്നിട്ടില്ലെന്നായിരുന്നു ഇവരുടെ പക്ഷം.

കുറ്റം എപ്പോഴും പ്രേക്ഷകരുടെ തലയിലാണ് അദ്ദേഹം കെട്ടിവെക്കാറുള്ളതെന്നും, സിനിമയെ ഒരു ‘മുത്തശ്ശിക്കഥ’ പോലെ കാണണമെന്ന അദ്ദേഹത്തിന്റെ ഉപദേശമൊക്കെ പ്രേക്ഷകര്‍ക്ക് ഓര്‍മയുണ്ടെന്നും ചിലര്‍ കമന്റില്‍ കുറിച്ചു.

മമ്മൂട്ടി Photo: Cue Studio /Screen Grab

കൂടാതെ, ചത്താ പച്ചയും വാലിബനും തമ്മിലുള്ള വ്യത്യാസവും ചിലര്‍ പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടി. തിയേറ്ററില്‍ നന്നായി ഓടുന്ന സിനിമയാണ് ചത്താ പച്ചയെന്നും ചിത്രത്തിനെതിരെ യാതൊരു രീതിയിലുമുള്ള നെഗറ്റീവ് ക്യാമ്പയിനുകളും ഇല്ലെന്നും എന്നാല്‍ മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഫാന്‍ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ സംവിധായകനെയും ഛായാഗ്രാഹകനെയും തെറിവിളിച്ചു തുടങ്ങിയിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും അണിയറപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിലും താരങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്തമായ നിലപാടുകള്‍ വലിയൊരു ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Content Highlight: Mohanlal Mammootty Fan Fight after Mammootty speech on Chatha Pacha success event

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.