കഴിഞ്ഞ ദിവസമാണ് പ്രകാശ് വര്‍മയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച വിന്‍സ്മെറ എന്ന ജ്വല്ലറിയുടെ പരസ്യം പുറത്തുവന്നത്. ഇതുവരെയും എക്സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത മോഹന്‍ലാലിലെ സ്‌ത്രൈണതയെ ആഭരണവുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ചപ്പോള്‍ ലഭിച്ചത് മനോഹരമായ ഒരു പരസ്യ ചിത്രമായിരുന്നു. ‘ആരും കൊതിച്ചുപോകും’ എന്ന ടാഗ് ലൈനില്‍ എത്തിയ പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പം പ്രകാശ് വര്‍മയും അഭിനയിക്കുന്നുണ്ട്.
പരസ്യ ഷൂട്ടിനായി ലൊക്കേഷനില്‍ എത്തുന്ന മോഹന്‍ലാലിനെ കാണിച്ചു കൊണ്ടാണ് വിന്‍സ്മേര ജ്വല്‍സിന്റെ പരസ്യം ആരംഭിക്കുന്നത്. ഇതിനിടയില്‍ ലോക്കേഷനിലെ ആഭരണങ്ങള്‍ കാണാതാകുന്നതും ഈ കാര്യം പറയാനായി പ്രകാശ് വര്‍മ മോഹന്‍ലാലിന്റെ കാരവാനിലേക്ക് വരുന്നതുമാണ് പരസ്യത്തില്‍.
കാരവാനില്‍ ഉള്ള മോഹന്‍ലാല്‍ ആഭരണങ്ങള്‍ ധരിച്ച് കണ്ണാടിയില്‍ നോക്കി സ്ത്രൈണ ഭാവത്തില്‍ ചുവടുവെയ്ക്കുന്നതാണ് പരസ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. എന്നാല്‍ പരസ്യം പുറത്തുവന്നതിന് പിന്നാലെ മോഹന്‍ലാലും പ്രകാശ് വര്‍മയും പരസ്യവും ട്രോളുകളില്‍ നിറയുകയാണ്. മോഹന്‍ലാലിനെതിരെ വ്യക്തി അധിക്ഷേപം വരെ ഉയരുന്നുണ്ട്.
മോഹന്‍ലാലിന്റെ അതിമനോഹരമായ അഭിനയത്തെ യാതൊരു ദയയുമില്ലാതെ തേജോവധം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ഹെയ്റ്റ് കമന്റുകള്‍ നിറക്കുന്നവരില്‍ കൂടുതല്‍ ‘ലാലേട്ടന്റെ ഫാന്‍സ്’ ആണെന്ന് പറയുന്നവരാണ് എന്നതാണ് വിരോധാഭാസം. കാശിന് വേണ്ടി എന്ത് വേഷവും അഭിനയിക്കും, മോഹന്‍ലാല്‍ തന്നെയാണ് അദ്ദേഹത്തിന്റെ പേര് നശിപ്പിക്കുന്നത്, ഈ ആഡ് കണ്ടു അടിപൊളിയാണ് പക്ഷെ ലാലേട്ടനെകണ്ടപ്പോള്‍ എന്തോ ഒരു എ.ഐ ചെയ്തത് പോലെയാ തോന്നിയത്… തുടങ്ങി അങ്ങേയറ്റം മോശമായ വാക്കുകള്‍ വരെ ഉപയോഗിച്ചാണ് ‘സോകോള്‍ഡ്’ ഫാന്‍സ് പരസ്യത്തിനെതിരെ രംഗത്തെത്തുന്നത്. എന്തിനേറെ പറയുന്നു എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെ വരെ ഈ പരസ്യത്തിന്റെ കമന്റ് ബോക്‌സില്‍ അവഹേളിക്കുന്നുണ്ട്.
മുണ്ടും മടക്കിക്കുത്തി, മീശ പിരിച്ച്, കുളത്തിലെ പായല്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് അടിക്കുന്ന ലാലേട്ടനെ മാത്രമാണോ ഈ ആരാധകര്‍ക്ക് ആവശ്യം? തന്നിലെ നടന്റെ എല്ലാവശങ്ങളെയും ആഴത്തില്‍ പഠിക്കാന്‍ കൊതിക്കുന്ന ഒരു അഭിനയമോഹികൂടിയാണ് അദ്ദേഹം.
ഇങ്ങനെയൊരു പരസ്യം ചെയ്യുമ്പോള്‍ അത് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും അതിന്റെ എല്ലാ വശങ്ങളും മലയാളത്തിന്റെ മോഹന്‍ലാല്‍ ആലോചിച്ചിട്ടുണ്ടാകും. എന്നെങ്കിലും ആളുകള്‍ വിശാലമായി ചിന്തിക്കുന്ന കാലം വരും എന്ന വിശ്വാസത്തിന് പുറത്ത് ചെയ്തതുമാകാം. എന്തായാലും ഒരു പരസ്യം ചെയ്താല്‍ കിട്ടുന്ന പണം മാത്രം മുന്നില്‍ കണ്ടല്ല ചെയ്തതെന്ന് വ്യക്തം. തന്നെ കളിയാക്കുന്ന ട്രോള്‍ കണ്ട്, ‘ഞാനിവരെ ഒക്കെ എന്ത് ചെയ്തിട്ടാ’ എന്ന് ചോദിച്ച മനുഷ്യനാണ്. ഇതും അതേ ലാഘവത്തില്‍ തന്നെ അദ്ദേഹം സ്വീകരിക്കട്ടെ.