ആ ഗാനങ്ങൾ ഞാൻ ചെയ്തതാണെന്ന് പറയുമ്പോൾ ഇപ്പോഴും പലരും വിശ്വസിക്കാൻ പ്രയാസപ്പെടുന്നു: മോഹൻ സിത്താര
Malayalam Cinema
ആ ഗാനങ്ങൾ ഞാൻ ചെയ്തതാണെന്ന് പറയുമ്പോൾ ഇപ്പോഴും പലരും വിശ്വസിക്കാൻ പ്രയാസപ്പെടുന്നു: മോഹൻ സിത്താര
നന്ദന എം.സി
Sunday, 8th March 2026, 12:10 pm

മലയാളി പ്രേക്ഷകർക്ക് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകനാണ് മോഹൻ സിത്താര. സംഗീതരംഗത്ത് നാൽപത് വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ തേടി അടുത്തിടെ പ്രഥമ പി. ജയചന്ദ്രൻ സ്മാരക പുരസ്‌കാരം എത്തുകയും ചെയ്തു.

‘ഒന്നുമുതൽ പൂജ്യംവരെ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മോഹൻ സിത്താര പിന്നീട് ‘ചാണക്യൻ’, ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്നീ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും ഒരുക്കി. തൊണ്ണൂറുകളുടെ അവസാനം ‘ദീപസ്തംഭം മഹാശ്ചര്യം’, ‘മഴവില്ല്’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമായതോടെ തിരക്കേറിയ സംഗീതസംവിധായകനായി അദ്ദേഹം മാറി.

ഏകദേശം ഇരുന്നൂറോളം സിനിമകളിലായി എഴുനൂറ്റമ്പതിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന അദ്ദേഹത്തെ തേടി സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികളും എത്തിയിട്ടുണ്ട്.

സ്വപ്നകൂട് , Photo: YouTube/ Screengrab

ഇപ്പോഴിതാ മോഹൻലാൽ അടക്കമുള്ള നടന്മാരെ കൊണ്ട് പാട്ട് പാടിപ്പിച്ച അനുഭവും തന്റെ ഗാനങ്ങളെ കുറിച്ചതും സംസാരിക്കുകയാണ് മോഹൻ സിത്താര. മാതൃഭൂമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ തന്മാത്ര, ഭ്രമരം എന്നീ രണ്ടുചിത്രങ്ങളിൽ ലാലേട്ടൻ പാടിയിട്ടുണ്ട്. ഈണം പറഞ്ഞുകൊടുക്കുമ്പോഴേക്ക് പെട്ടെന്ന് പഠിച്ചെടുത്ത് മികച്ച രീതിയിൽ പാടി വിസ്മയിപ്പിച്ചിട്ടുണ്ട് ലാലേട്ടൻ. അതുപോലെ കലാഭവൻ മണി. നാടൻപാട്ട് പാടാനുള്ള അദ്ദേഹത്തിന്റെ വൈഭവവും വിസ്മയകരമാണ്. ‘കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി’ എന്ന ഗാനം പാടിയത് കലാഭവൻ മണിയാണ്. ജയറാം, കെ. പി. എ. സി. ലളിത എന്നിവരും എന്റെ പാട്ടുകൾ പാടിയിട്ടുണ്ട്,’ മോഹൻ സിത്താര പറഞ്ഞു.

കൂടാതെ ‘വചനത്തിലെ നീൾമിഴിപ്പീലിയിൽ നീർമണി’ എന്ന ഗാനവും ‘സ്വപ്നക്കൂടിലെ ഇഷ്ടമല്ലെടാ’ എന്ന ഗാനവും ഒരേ സംഗീതസംവിധായകന്റെ കൈയിൽ നിന്നാണ് പിറന്നത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

‘ഇഷ്ടമല്ലെടാ, ഇരുളിൻ മഹാനിദ്രയിൽ തുടങ്ങിയ ഗാനങ്ങൾ ഞാൻ ചെയ്തതാണെന്ന് പറയുമ്പോൾ ഇപ്പോഴും പലരും വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ്. ഗാനത്തിന്റെ സാഹചര്യമനുസരിച്ച് അതിന് വ്യത്യസ്തത കൈവരുമ്പോൾ എന്റെ ചട്ടക്കൂടുകളും മാറും. വചനത്തിലെ ഗാനം സുഹൃദ്സ്നേഹബന്ധത്തോടൊപ്പം നിശ്ശബ്ദ പ്രണയത്തിന്റെ തീവ്രതയും നിറഞ്ഞുനിൽക്കുന്ന ഗാനമാണ്.

വൃന്ദാവൻ സാരംഗ് രാഗത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘ഇരുളിൻ മഹാനിദ്രയിൽ’ പാടിയിരിക്കുന്നത് മധുസൂദനൻ നായർ ആണ്. അപ്പോൾ കവിയുടെ ശൈലിയിലുള്ള ഈണമാണ് ഗാനത്തിനാവശ്യം. അത് ഗായകൻ പാടിയാൽ ഗാനത്തിന്റെ രീതിയിലേ വരൂ. അവിടെ വേണ്ടത് അത്തരമൊരു ഗാനമായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: Mohan Sithara talks about his songs

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.