വിമര്‍ശിച്ചാല്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവതിനെ വരെ മോദി തീവ്രവാദിയാക്കും: രാഹുല്‍
India
വിമര്‍ശിച്ചാല്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവതിനെ വരെ മോദി തീവ്രവാദിയാക്കും: രാഹുല്‍
ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 2:42 pm

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുന്ന ഓരോരുത്തരേയും തീവ്രവാദികളാക്കി മുദ്രകുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.

മോദിയെ വിമര്‍ശിക്കുന്നത് ആരായാലും അതിപ്പോള്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ആയാല്‍പ്പോലും മോദി തീവ്രവാദിയാക്കിക്കളയുമെന്നും രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി മോദി തന്റെ സഹൃത്തുക്കള്‍ക്ക് വേണ്ടി പണം സമ്പാദിക്കുകയാണ് അദ്ദേഹത്തിനെതിരെ നിലകൊള്ളുന്ന വരെ തീവ്രവാദിയെന്ന് വിളിക്കും. അത് കര്‍ഷകരോ തൊഴിലാളികളോ മോഹന്‍ ഭഗവതോ ആരും ആകട്ടെ,’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും അതുണ്ടെന്ന് നിങ്ങളില്‍ ചിലര്‍ കരുതുന്നുവെങ്കില്‍, അത് വെറും ഭാവന മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രപതി ഭവനിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന് രാവിലെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസറ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച ഗാന്ധി കാര്‍ഷിക നിയമങ്ങള്‍ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്നും ഇത്തരമൊരു നിയമം ഉണ്ടാക്കിയിരിക്കുന്നത് നാലോ അഞ്ചോ ബിസിനസുകാര്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞു.

‘പ്രധാനമന്ത്രി ഒരു കഴിവില്ലാത്ത മനുഷ്യനാണ്, ഒന്നും അറിയാത്ത ആളാണ്. അക്കാര്യം ഈ രാജ്യത്തെ യുവാക്കളും ജനങ്ങളും അറിഞ്ഞിരിക്കണം. മുതലാളിമാരെ മാത്രം ശ്രദ്ധിക്കുന്ന, അവര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന, അവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് അദ്ദേഹം’, രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷകരും തൊഴിലാളികളും ഇപ്പോള്‍ ഒന്നിച്ചുനിന്നാണ് കേന്ദ്രത്തിനെതിരെ പോരാടുന്നത്. എന്നാല്‍ സര്‍ക്കാരിനെതിരെ ആരെങ്കിലും സംസാരിക്കുന്ന നിമിഷം, അവരെ ദേശവിരുദ്ധരും തീവ്രവാദികളും ആക്കി മുദ്രകുത്തുകയാണ്. ഇത് നിര്‍ഭാഗ്യകരമാണ്, പക്ഷേ അതാണ് ഇന്ന് സംഭവിക്കുന്നത്. ജനങ്ങളുടെ ശബ്ദങ്ങള്‍ ഞെരുക്കിക്കളയുകയാണ്, രാഹുല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohan Bhagwat Will Be Called Terrorist Too If says Rahul Gandhi Slams PM