അഞ്ച് വിവിധ ആഫ്‌കോണ്‍ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ താരമെന്ന ചരിത്ര നേട്ടവുമായി സൂപ്പര്‍ താരം മുഹമ്മദ് സല. 2025 ആഫ്‌കോണില്‍ കഴിഞ്ഞ ദിവസം സിംബാബ്‌വേക്കെതിരായ വിജയ ഗോള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് മുഹമ്മദ് സലയെ തേടി ഈ നേട്ടമെത്തിയത്.
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷനിന്റെ 2017, 2029, 2021, 2023, 2025 എഡിഷനുകളിലാണ് സല ഗോള്‍ കണ്ടെത്തിയത്.
അഞ്ച് വിവിധ ടൂര്‍ണമെന്റുകളില്‍ ഗോള്‍ കണ്ടെത്തുന്ന എട്ടാം താരമാണ് സല.
ആന്ദ്രേ അയൂ (ഘാന), സാമുവല്‍ ഏറ്റു (കാമറൂണ്‍), അസമോവ ഗ്യാന്‍ (ഘാന), കലൂഷ ബവാലിയ (സാംബിയ), ദിദിയര്‍ ദ്രോഗ്ബ (ഐവറി കോസ്റ്റ്), റാഷിദി യെകിനി (നെജീരിയ) യൂസഫ് എംസാകിനി (ടുണീഷ്യ) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഇവരില്‍ അയൂ, ഏറ്റു, ഗ്യാന്‍, ബവാലിയ എന്നിവര്‍ ആറ് വിവിധ ആഫ്‌കോണ്‍ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടിയിട്ടുണ്ട്.
ആഫ്‌കോണില്‍ 20 മത്സരത്തില്‍ നിന്നും എട്ട് ഗോളുകളാണ് സല സ്വന്തമാക്കിയത്. 29 മത്സരത്തില്‍ നിന്നും 18 ഗോളുകളുമായി ഇതിഹാസ താരം സാമുവല്‍ ഏറ്റുവാണ് പട്ടികയില്‍ ഒന്നാമത്.
അതേസമയം, കഴിഞ്ഞ ദിവസം സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തിന്റെ ആഡ് ഓണ്‍ ടൈമിലാണ് സല ചരിത്രം കുറിച്ച ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഈജിപ്തിന്റെ വിജയത്തിന് കാരണമായതും ഈ ഗോള്‍ തന്നെയായിരുന്നു.
മത്സരത്തിന്റെ 20ാം മിനിട്ടില്‍ പ്രിന്‍സ് ഡ്യൂബിലൂടെ സിംബാബ്‌വേയാണ് മുമ്പിലെത്തിയത്. ആദ്യ പകുതിയില്‍ ഇരുവര്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതോടെ 1-0ന്റെ ലീഡുമായാണ് സിംബാബ്‌വേ സെക്കന്‍ഡ് ഹാഫിനിറങ്ങിയത്.
മത്സരത്തിന്റെ 64ാം മിനിട്ടില്‍ ഒമര്‍ മര്‍മൂഷാണ് ഈജിപ്തിനായി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തിയത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ 90+1ാം മിനിട്ടില്‍ ഗോള്‍ നേടിയ സല ഈജിപ്തിന്റെ വിജയം ഉറപ്പാക്കി.
നിലവില്‍ ഗ്രൂപ്പ് ബി-യില്‍ രണ്ടാമതാണ് ഈജിപ്ത്. സലയെയും സംഘത്തെയും പോലെ ആദ്യ മത്സരത്തില്‍ വിജയിച്ച സൗത്ത് ആഫ്രിക്കയാണ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതുള്ളത്. ഗോള്‍ വ്യത്യാസമാണ് ഇരുവരെയും വേര്‍തിരിക്കുന്നത്.
ഡിസംബര്‍ 26നാണ് ഈജിപ്തിന്റെ അടുത്ത മത്സരം. സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
Content Highlight: Mohammed Salah becomes the 1st Egyptian to score goal in 5 different AFCONs