അവന്റെ മടങ്ങിവരവ് ഇന്ത്യയ്ക്ക് വലിയ അനുഗ്രഹമാണ്: കൈഫ്
Cricket
അവന്റെ മടങ്ങിവരവ് ഇന്ത്യയ്ക്ക് വലിയ അനുഗ്രഹമാണ്: കൈഫ്
ഫസീഹ പി.സി.
Tuesday, 14th July 2026, 11:13 am

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ഒന്നാം ഏകദിനം നടക്കുക. ടി – 20 പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ വിജയം ആവര്‍ത്തിക്കാനാണ് ഇംഗ്ലീഷ് സംഘം ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ഈ മത്സരത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിരാട് കോഹ്‌ലിയുടെ മടങ്ങി വരവ് ഇന്ത്യയ്ക്ക് ഒരു അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.

കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും നിലവിലെ ഫോം കോച്ച് ഗൗതം ഗംഭീറിന് വലിയൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരിക്കുന്നു കൈഫ്.

‘ഈ പ്രതിസന്ധി ഘട്ടത്തില്‍ വിരാട് കോഹ്‌ലി ടീമിലേക്ക് തിരിച്ചെത്തുന്നത് ഒരു അനുഗ്രഹം തന്നെയാണ്. അവന്‍ അവസാന നിമിഷം വരെ പൊരുതുമെന്ന് എനിക്കുറപ്പാണ്. കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും നിലവിലെ ഫോം ഈ പര്യടനത്തില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാത്ത ഗംഭീറിന് വലിയൊരു ആശ്വാസമായിരിക്കും. ഇവര്‍ രണ്ടുപേരും തിരിച്ചെത്തുന്നതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കും,’ കൈഫ് പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ്ങിനെക്കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നതെന്നും ടീമിന്റെ ബൗളിങ് വളരെ മോശമാണെന്നും കൈഫ് പറഞ്ഞു. അതുകൊണ്ട് തന്നെ കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിവരുന്നുവെന്നത് ഏറ്റവും വലിയ പോസിറ്റീവ് കാര്യമാണ്. രോഹിത്തും വിരാടും ഏകദിന ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്, അവര്‍ക്ക് വലിയ അനുഭവസമ്പത്തുമുണ്ട്.

ഈ പരമ്പരയില്‍ ഇന്ത്യയുടെ കളിക്കളത്തിലെ സമീപനത്തില്‍ വലിയൊരു മാറ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. തീര്‍ച്ചയായും സമ്മര്‍ദമുണ്ടാകും, എന്നാല്‍ വിരാടിനെപ്പോലെയുള്ള താരങ്ങള്‍ അത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ മിടുക്കരാണ്. രോഹിത്തിന്റെയും വിരാടിന്റെയും തിരിച്ചുവരവ് ടീമിന് വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohammed Kaif says Virat Kohli coming in during this crisis is like a blessing

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.