ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ യു.എ.ഇയെ പരാജയപ്പെടുത്തി സൂപ്പര്‍ ഫോറിന് യോഗ്യതയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ഷഹീന്‍ അഫ്രിദിയുടെ ഓള്‍റൗണ്ട് മികവിലാണ് പാകിസ്ഥാന്‍ ജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എ.ഇ 17.4 ഓവറില്‍ 105ന് പുറത്തായി.

മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനോ വിജയം സ്വന്തമാക്കാനോ സാധിച്ചില്ലെങ്കിലും ഒരു ചരിത്ര നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ക്കാന്‍ മുഹമ്മദ് വസീമിന് സാധിച്ചിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന അസോസിയേറ്റ് താരമെന്ന നേട്ടമാണ് വസീം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അസോസിയേറ്റ് താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

മുഹമ്മദ് വസീം – യു.എ.ഇ – 85 – 3,024*

വിരണ്‍ദീപ് സിങ് – മലേഷ്യ – 98 – 3,013

സയ്യിദ് അസീസ് – മലേഷ്യ – 105 – 2,680

റിച്ചാര്‍ഡ് ബെറിങ്ടണ്‍ – 93 – 2,335

നിസാഖത് ഖാന്‍ – ഹോങ് കോങ് – 114 – 2,324

മാക്‌സ് ഒ ഡൗഡ് – നെതര്‍ലന്‍ഡ്‌സ് – 84 – 2,309

ജോര്‍ജ് മന്‍സി – സ്‌കോട്‌ലാന്‍ഡ് – 79 – 2,309

നേരത്തെ യു.എ.ഇക്കെതിരായ മത്സരത്തിലാണ് താരം 3,000 ടി-20 റണ്‍സ് എന്ന നാഴികക്കല്ലിലെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന 11ാം താരവും വിരണ്‍ദീപ് സിങ്ങിന് ശേഷം ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ അസോസിയേറ്റ് താരവുമാണ് വസീം.

ഏഷ്യാ കപ്പില്‍ നിന്നും പുറത്തായ യു.എ.ഇ വേള്‍ഡ് ടി-20 ക്വാളിഫയറിലാണ് ഇനി കളത്തിലിറങ്ങുക. ഒക്ടോബര്‍ എട്ടിന് നടക്കുന്ന മത്സരത്തിന് ഖത്തറാണ് വേദിയാകുന്നത്.

 

Content Highlight: Mohammad Wasim becomes the highest run-scorer among associate players in T20 Internationals