2027ലെ ഏകദിന ലോകകപ്പ് രോഹിത് ശര്‍മയുടെ അവസാന ഏകദിന ടൂര്‍ണമെന്റായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി രോഹിത് വിരമിച്ചിരുന്നു. മാത്രമല്ല 2024ലെ ടി-20 ലോകകപ്പില്‍ കിരീടം നേടിയ ശേഷം ഫോര്‍മാറ്റില്‍ നിന്നും താരം വിടവാങ്ങിയിരുന്നു.
വിരമിക്കലിന് ശേഷം രോഹിത്തിന്റെ പിന്‍ഗാമിയാകുന്നത് യുവതാരം ശുഭ്മന്‍ ഗില്ലാകുമെന്നും കൈഫ് പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ക്യാപ്റ്റനാണ് ഗില്‍. മാത്രമല്ല അടുത്തിടെ പ്രഖ്യാപിച്ച ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റനാകാനും സാധിച്ചു.
‘കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗില്‍ 2000 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി-20യിലും ഭാവി ക്യാപ്റ്റനാണ് അദ്ദേഹം. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന അദ്ദേഹം ടി-20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. രോഹിത്തിന് ഇപ്പോള്‍ 38 വയസുണ്ട്, 2027ലെ ഏകദിന ലോകകപ്പിന് ശേഷം അദ്ദേഹം വിരമിക്കും. ശേഷം ഗില്‍ ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്ത്,’ കൈഫ് പറഞ്ഞു.
അടുത്തിടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പര്യടനത്തില്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സമനിലയില്‍ എത്തിച്ചിരുന്നു. ക്യാപ്റ്റനായി അരങ്ങേറിയ പരമ്പരയില്‍ 75.40 എന്ന ശരാശരിയില്‍ 754 റണ്‍സാണ് താരം അടിച്ചെടുത്തത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ നിരവധി റെക്കോഡുകള്‍ തിരുത്താനും പരമ്പരയില്‍ നാല് സെഞ്ച്വറികള്‍ നേടാനും താരത്തിന് കഴിഞ്ഞു.
ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ അജിത്ത് ആഗാക്കറും പ്രശംസിച്ചു.
‘അവന് മികച്ച നേതൃപാഠവമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ഞങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ എപ്പോഴും സമ്മര്‍ദത്തിലാകുന്നത് അത് ടീമിന് നല്ലതാണ്,’ അഗാര്‍ പറഞ്ഞു.
ടി-20യില്‍ 21 മത്സരങ്ങളില്‍ നിന്നും 30.42 എന്ന് ശരാശരിയില്‍ 578 റണ്‍സാണ് ഗില്‍ നേടിയത്. 139.27 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഫോര്‍മാറ്റില്‍ 126 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മൂന്ന് അര്‍ധ സെഞ്ച്വറികളും തരം നേടി. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.