ഇന്ത്യൻ താരം സായ് സുദർശനെക്കാൾ ടീമിൽ സ്ഥാനം അർഹിക്കുന്നത് ദേവ്ദത്ത് പടിക്കലിനാണെന്ന് മുൻ താരം മുഹമ്മദ് കൈഫ്. സായ് സുദർശന് അവസരം ലഭിച്ചപ്പോൾ മൂന്നോ നാലോ ഇന്നിങ്‌സിൽ നിന്ന് 50 റൺസിനടുത്താണ് നേടിയതെന്നും എന്നാൽ ദേവ്ദത്ത് പടിക്കൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 160 റൺസ് നേടി മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചെന്ന് കൈഫ് പറഞ്ഞു.
മാത്രമല്ല ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് കൂടുതൽ സഹായം ചെയ്യുന്നതും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ നിലനിർത്താനും സാധിക്കുന്ന താരമാണ് ദേവ്ദത്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘സായ് സുദർശന് അവസരം ലഭിച്ചു. മൂന്നോ നാലോ ഇന്നിങ്‌സിൽ ഒരിക്കൽ അദ്ദേഹം 50 റൺസിനടുത്ത് നേടിയിട്ടുണ്ട്. പക്ഷേ പ്രശ്‌നം, ദേവ്ദത്ത് പടിക്കൽ 160 പോലുള്ള വലിയ സ്‌കോർ നേടി പ്ലെയർ ഓഫ് ദി മാച്ച് ആകുന്നു എന്നതാണ്. ഒരാൾ ഇടയ്ക്കിടെ 50 റൺസ് നേടുകയും, മറ്റൊരാൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ഇന്നിങ്‌സാണ് കളിക്കുന്നത്.
ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് കൂടുതൽ സഹായകരമാകുകയും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്യുന്ന താരത്തിന്റെ പ്രാധാന്യമാണ് കൂടുതൽ പരിഗണിക്കേണ്ടത്. ആ കാര്യത്തിൽ പടിക്കലാണ് ഏറെ മുന്നിൽ. ചുരുക്കത്തിൽ, സായ് സുദർശന്റെ സ്ഥിരതയേക്കാൾ മത്സരത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന ദേവ്ദത്ത് പടിക്കലിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്,’ കൈഫ് പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ സായ് സുദർശന് പകരമായി എത്തിയ താരമാണ് ദേവ്ദത്ത് പടിക്കൽ. മൂന്നാം നമ്പറിൽ ഇറങ്ങി മിന്നും പ്രകടനം കാഴ്ചവെക്കാനും ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനും താരത്തിന് സാധിച്ചു.
ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 230 പന്തുകളിൽ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റൺസാണ് പടിക്കൽ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ 75 പന്തിൽ 44 റൺസ് നേടിയും താരം മികവ് പുലർത്തി. ദേവ്ദത്താണ് മത്സരത്തിലെ താരവും.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പർ ഓൾറൗണ്ടർ മാനവ് സുതറാണ്. 10 വിക്കറ്റുകളാണ് താരം ലങ്കൻ മണ്ണിൽ വീഴ്ത്തിയത്.
ലങ്കയ്‌ക്കെതിരായ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തുിയിരിക്കുകയാണ്. നാളെയാണ് (ഓഗസ്റ്റ് 23) പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാൻ ലങ്കയ്ക്ക് വിജയം അനിവാര്യമാണ്.
Content Highlight: Mohammad Kaif Talking About Sai Sudarshan And Devdutt Padikkal